തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം മന്ത്രിസഭയിലെ അംഗങ്ങളെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നു. ശനിയാഴ്ച രാത്രിയോടെ അന്തിമ പട്ടിക പുറത്തുവിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിനുള്ളിലെയും യുഡിഎഫ് ഘടകകക്ഷികള്‍ക്കിടയിലെയും ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതോടെ മന്ത്രിമാരുടെ ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ചയിലേക്ക് മാറ്റാനാണ് സാധ്യത.
തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍, സമയപരിധിക്കുള്ളില്‍ ധാരണയിലെത്താനാണ് നേതൃത്വത്തിന്റെ ശ്രമം. കെപിസിസി ആസ്ഥാനത്ത് നടക്കുന്ന മാരത്തണ്‍ ചര്‍ച്ചകളില്‍ വകുപ്പ് വിഭജനത്തെച്ചൊല്ലിയും മന്ത്രിസ്ഥാനങ്ങള്‍ പങ്കിടുന്നതിനെച്ചൊല്ലിയും ഘടകകക്ഷികളുമായി വിപുലമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നാണ് സൂചന.
തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ തന്നോടൊപ്പം മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ചില വകുപ്പുകളുടെ കാര്യത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഞായറാഴ്ചയും ചര്‍ച്ചകള്‍ തുടരേണ്ടി വരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പ്രമുഖ നേതാക്കളുടെ വകുപ്പുകള്‍ സംബന്ധിച്ചും പുതുമുഖങ്ങള്‍ക്ക് നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ചും അന്തിമ തീരുമാനമെടുത്ത ശേഷം പട്ടിക ഔദ്യോഗികമായി പുറത്തിറക്കും.















