കൊൽക്കത്ത: സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കൊലപാതകത്തിലെ മുഖ്യ ആസൂത്രകനും ഷൂട്ടറുമായ രാജ്കുമാർ സിങ്ങിനെ ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്ന് സിബിഐ ചാപ്ര പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ പിടികൂടി. ബല്ലിയയിലെ രസ്ര മേഖലയിലുള്ള രതോപൂർ ഗ്രാമവാസി രാജ്കുമാർ സിങ് അണ് പിടിയിലായത്.
കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കുന്നു. ഞായറാഴ്ച ഉച്ചയ്‌ക്ക് ഒന്നരയോടെ സിവിൽ ഡ്രസ്സിലെത്തിയ ഉദ്യോഗസ്ഥർ രണ്ട് വാഹനങ്ങളിലായെത്തിയാണ് രാജ്കുമാറിനെക്കുറിച്ച് പിതാവിനോട് അന്വേഷിച്ചത്. എന്നാൽ തന്റെ മകൻ ഇത്തരമൊരു ക്രൂരകൃത്യത്തിൽ പങ്കാളിയാണെന്ന കാര്യം അറിയില്ലെന്നാണ് പിതാവിന്റെ പ്രതികരണം. തിങ്കളാഴ്ച രാവിലെ സിബിഐ ഓഫീസിൽ നിന്ന് ഫോൺ കോൾ വന്നപ്പോഴാണ് മകൻ അറസ്റ്റിലായ വിവരം കുടുംബം അറിഞ്ഞത്.
നിരവധി അക്രമ സംഭവങ്ങളിൽ പ്രതിയായ രാജ്കുമാറിന് മുൻപും പോലീസ് റെക്കോർഡുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. 2020 ഒക്ടോബറിൽ മുൻ പ്രധാൻ സ്ഥാനാർത്ഥിയായ അരവിന്ദ് ഖർവാറിനെ ആക്രമിച്ചതിനും, തുടർന്ന് ഇയാൾക്ക് നേരെ വധശ്രമമെന്നോണം വെടിയുതിർത്തതിനും രസ്ര കോട്‌വാലി പോലീസ് സ്റ്റേഷനിൽ രാജ്കുമാറിനെതിരെ കേസ് നിലവിലുണ്ട്. കൂടാതെ, 2023-ൽ ഓട തർക്കവുമായി ബന്ധപ്പെട്ട് സഞ്ജയ് ഭാരതി എന്നയാളെ മർദ്ദിച്ച കേസിലും ഇയാൾ പ്രതിയാണ്. ഈ ക്രിമിനൽ കേസുകൾ കാരണം അടുത്തിടെ ക്യാരക്ടർ സർട്ടിഫിക്കറ്റിനായി പോലീസ് സ്റ്റേഷനെ സമീപിച്ച ഇയാളുടെ അപേക്ഷ പോലീസ് നിരസിച്ചിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് റിമാൻഡിൽ വാങ്ങി. ഇയാളെ ഉടൻ തന്നെ കൊൽക്കത്തയിലെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.















