ഭോപ്പാല്‍: രാജ്യവ്യാപകമായി ശ്രദ്ധനേടിയ ത്വീഷ ശര്‍മ്മയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഭോപ്പാല്‍ കോടതി തള്ളി. ഡല്‍ഹി എയിംസില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ഉത്തരവിടാനോ, അതിനായി മൃതദേഹം അങ്ങോട്ട് മാറ്റാന്‍ നിര്‍ദ്ദേശിക്കാനോ ഉള്ള നിയമപരമായ അധികാരം ജില്ലാ കോടതിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഹര്‍ജി നിരസിച്ചത്.
നോയിഡ സ്വദേശിയായ 33-കാരി ത്വീഷ ശര്‍മ്മയെ മേയ് 12-നാണ് ഭോപ്പാലിലെ കതാരാ ഹില്‍സിലുള്ള ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് വെറും അഞ്ച് മാസം തികയുന്നതിനിടെയായിരുന്നു ഈ ദാരുണ സംഭവം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മേയ് 13 മുതല്‍ മൃതദേഹം ഭോപ്പാല്‍ എയിംസിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്വതന്ത്രമായ അന്വേഷണവും രണ്ടാമതൊരു പോസ്റ്റ്മോര്‍ട്ടവും വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മൃതദേഹം ദീര്‍ഘനാള്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നത് വഴി നിര്‍ണ്ണായകമായ ഫോറന്‍സിക് തെളിവുകള്‍ നഷ്ടപ്പെട്ടേക്കാമെന്ന് കുടുംബം ആശങ്കപ്പെടുന്നു. നിലവില്‍ മൈനസ് 4 ഡിഗ്രി സെല്‍ഷ്യസിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചപ്പോള്‍, ഇത്രയും നീണ്ട ദിവസങ്ങളില്‍ മൃതദേഹം അഴുകാതെ സംരക്ഷിക്കാന്‍ മൈനസ് 80 ഡിഗ്രി സെല്‍ഷ്യസ് താപനില ആവശ്യമാണെന്നാണ് ഭോപ്പാല്‍ എയിംസിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഇത്തരം അത്യാധുനിക അള്‍ട്രാ-ലോ ടെംപറേച്ചര്‍ മോര്‍ച്ചറി സംവിധാനങ്ങള്‍ ഭോപ്പാലില്‍ ലഭ്യമല്ല. ഈ സാഹചര്യത്തില്‍, മധ്യപ്രദേശിലെ മറ്റ് പ്രമുഖ മെഡിക്കല്‍ സ്ഥാപനങ്ങളിലോ മെട്രോ നഗരങ്ങളിലോ ഇത്തരം സംവിധാനങ്ങള്‍ ലഭ്യമാണോ എന്ന് അന്വേഷിച്ച് അടിയന്തരമായി രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കതാരാ ഹില്‍സ് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയോട് കോടതി നിര്‍ദ്ദേശിച്ചു.
ഭര്‍തൃവീട്ടുകാരില്‍ നിന്നുള്ള പീഡനത്തെക്കുറിച്ചും മരണത്തിലെ ദുരൂഹമായ സാഹചര്യങ്ങളെക്കുറിച്ചും ത്വീഷയുടെ കുടുംബം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ കേസിന് വലിയ മാധ്യമശ്രദ്ധ നേടിക്കൊടുത്തു. നിലവില്‍ സ്ത്രീധന പീഡന മരണത്തിനും, ക്രൂരതയ്‌ക്കുമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകളും ഫോറന്‍സിക് കണ്ടെത്തലുകളും നിലവില്‍ അന്വേഷണസംഘത്തിന്റെ സൂക്ഷ്മ പരിശോധനയിലാണ്.















