കൊച്ചി: മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പലര്‍ക്കും കാഴ്ചവക്കുന്ന മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. മാവേലിക്കര സ്വദേശി ബിലാല്‍ എന്ന ശ്രീകുമാറിനെയാണ് പിടികൂടിയത്. മരട് പൊലീസാണ് ഇയാളെ പിടികൂടിയത്. സ്ത്രീകള്‍ അടങ്ങിയ സെക്‌സ് റാക്കറ്റിനെ നിയന്ത്രിച്ചത് ബിലാല്‍ ആണെന്നാണ് കണ്ടെത്തല്‍. ബിലാലിനെ കുറിച്ച് കേസിലെ ഒന്നാം പ്രതിയായ സിന്ധു മൊഴി നല്‍കിയിരുന്നു. പരാതിക്കാരിയെ സിന്ധുവിന് പരിചയപ്പെടുത്തിയത് ബിലാലും ഭാര്യയും ചേര്‍ന്നാണെന്നാണ് ആരോപണം .
യുവതിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റ്. പിടിയിലായ സിന്ധുവും ബിലാല്‍ എന്ന ശ്രീകുമാറും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതില്‍ ബിലാലിന് നിര്‍ണായക പങ്കുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി ആയി.
ബിലാലിനെ പിടികൂടിയതിന് പിന്നാലെ എസിപി ഓഫീസിലെത്തിച്ച് പ്രാഥമിക മൊഴിയെടുപ്പ് നടത്തി. വൈദ്യപരിശോധനയക്കായി ബിലാലിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ സെക്‌സ് റാക്കറ്റ് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നിഗമനം. നിലവില്‍ രണ്ട് പരാതികളാണ് കേസുമായി ബന്ധപ്പെട്ട് ലഭിച്ചത്. എന്നാല്‍ ഇരകളായവര്‍ക്ക് പരാതിപ്പെടാന്‍ പൊലീസ് ടോള്‍ ഫ്രീ നമ്പര്‍ നല്‍കിയിട്ടുണ്ട്.
കേസില്‍ ബിലാലിനെ കൂടാതെ മൂന്നുപേരാണ് ഇതുവരെ പിടിയിലായത്. ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന ഒന്നാം പ്രതിയായ സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് പൊലീസ് പിടിയിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് വിവരം. സിനിമാ സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്ന സൂചനകളും ലഭിക്കുന്നുണ്ട്.
കേസിലെ മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.പരാതിക്കാരിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സിന്ധുവാണ്. ഇത് പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ ഫോണിലേക്ക് അയച്ചു . സിന്ധു മറ്റ് പ്രതികള്‍ക്ക് പണം നല്‍കിയതിന് തെളിവുണ്ടെന്നും കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉണ്ട്.















