ഹൈദരാബാദ്: ഇസ്‌ലാം മതവിശ്വാസപ്രകാരം പലിശ വാങ്ങുന്നതും കൊടുക്കുന്നതും പൂർണ്ണമായും നിഷിദ്ധമാണ്. ഈയൊരു മതവികാരത്തെയും വിശ്വാസത്തെയും മുൻനിർത്തിയാണ് ഹൈദരാബാദ് സ്വദേശിയായ നൗഹെറ ഷെയ്ഖ് ‘ഹീര ഗ്രൂപ്പ് ഓഫ് കമ്പനീസ്’ വഴി വൻ സാമ്പത്തിക കെണി ഒരുക്കിയത്.
പലിശരഹിതമായ, പൂർണ്ണമായും ശരീഅത്ത് നിയമങ്ങൾ പാലിക്കുന്ന ബിസിനസ്സ് മാതൃകയെന്ന് വിശ്വസിപ്പിച്ച് 1.72 ലക്ഷത്തിലധികം ആളുകളിൽ നിന്നായി ഏകദേശം 5,978 കോടി രൂപയാണ് ഇവർ തട്ടിയെടുത്തു. നിക്ഷേപകർക്ക് ബിസിനസ്സ് ലാഭത്തിന്റെ വിഹിതമായി വർഷത്തിൽ 36 ശതമാനം വരെ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്തു. സാധാരണക്കാരായ മുസ്ലിം കുടുംബങ്ങൾ തങ്ങളുടെ മക്കളുടെ വിവാഹം, വിദ്യാഭ്യാസം, വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യം എന്നിവയെല്ലാം ഈ നിക്ഷേപ പദ്ധതിയിൽ വിശ്വസിച്ച് ഏൽപ്പിക്കുകയായിരുന്നു.
തുടക്കത്തിൽ ചില നിക്ഷേപകർക്ക് കൃത്യമായി ഉയർന്ന ലാഭവിഹിതം നൽകിയതോടെ പദ്ധതിയുടെ വിശ്വാസ്യത വർദ്ധിക്കുകയും, കൂടുതൽ ആളുകൾ ഇതിലേക്ക് ആകർഷിക്കുകയും ചെയ്തു. പള്ളികളും മതപരമായ കൂട്ടായ്മകളും വഴി ഈ ശൃംഖല അതിവേഗം പടർന്നു പന്തലിച്ചു. എന്നാൽ, യഥാർത്ഥത്തിൽ ഇവിടെ ശക്തമായ യാതൊരു ബിസിനസ്സും നടന്നിരുന്നില്ലെന്ന് പിന്നീട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. പുതിയതായി ചേരുന്നവരിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് പഴയ നിക്ഷേപകർക്ക് ലാഭം നൽകുന്ന ഒരുതരം ‘പോൺസി സ്കീം’ ആയിരുന്നു ഇത്. ആളുകൾ തങ്ങളുടെ അസ്സൽ തുക തിരികെ ആവശ്യപ്പെട്ടു തുടങ്ങിയതോടെ ഈ സാമ്രാജ്യം തകരുകയും, ഏകദേശം 3,000 കോടിയോളം രൂപയുടെ തട്ടിപ്പ് വെളിച്ചത്തുവരികയും ചെയ്തു.
സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഒളിവിൽ പോയ നൗഹZറ ഷെയ്ഖ്, വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ‘ഷെയ്ഖ് ഖമർ ജഹാൻ’ എന്ന വ്യാജപ്പേരിൽ ഒളിവിൽ കഴിയുകയായിരുന്നു. ഒടുവിൽ ഗുഡ്ഗാവിലെ ഒരു ഹോട്ടലിൽ വെച്ച് ഇ.ഡിയും ഹരിയാന പൊലീസും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇവരുടെ 400 കോടിയിലധികം രൂപയുടെ ആസ്തികൾ ഇ.ഡി കണ്ടുകെട്ടുകയും, ഇരകൾക്ക് പണം തിരികെ നൽകുന്നതിനായി സുപ്രീം കോടതി നിർദ്ദേശപ്രകാരം ഈ സ്വത്തുക്കൾ ലേലം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയുമാണ്.















