പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വന്‍ അട്ടിമറി. അത്യുഷ്ണമുള്ള കാലാവസ്ഥയില്‍ നടന്ന അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഡാനില്‍ മെദ്വദേവിനെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഓസ്ട്രേലിയയുടെ ആദം വാള്‍ട്ടണ്‍ പരാജയപ്പെടുത്തി. ലോക റാങ്കിങ്ങില്‍ 97-ാം സ്ഥാനത്തുള്ള വാള്‍ട്ടണ്‍, ആറാം സീഡായ മെദ്വദേവിനെ 6-2, 1-6, 6-1, 1-6, 6-4 എന്ന സ്‌കോറിനാണ് തകര്‍ത്തത്. മൂന്നര മണിക്കൂറോളം ഈ മത്സരം നീണ്ടുനിന്നു.
തുടര്‍ച്ചയായ മൂന്നാം ദിവസവും പാരീസിലെ താപനില 32 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. ഇത് കോര്‍ട്ട് വേഗത്തില്‍ ഉണങ്ങുന്നതിനും കളി വേഗത്തിലാക്കുന്നതിനും കാരണമായി. മത്സരത്തിന്റെ നിര്‍ണ്ണായകമായ അവസാന ഗെയിമില്‍ സര്‍വ് ചെയ്യുകയായിരുന്ന മെദ്വദേവ് വരുത്തിയ ഇരട്ടപ്പിഴവ് അടക്കമുള്ള തുടര്‍ച്ചയായ നാല് പിഴവുകളാണ് വാള്‍ട്ടന് കരിയറിലെ ആദ്യ ടോപ്പ്-10 വിജയത്തിലേക്ക് വഴിതുറന്നത്. മെദ്വദേവിന്റെ റോളണ്ട് ഗാരോസിലെ തുടര്‍ച്ചയായ രണ്ടാം ആദ്യ റൗണ്ട് പുറത്താകലാണിത്.
‘എന്തുകൊണ്ടാണ് ഫ്രഞ്ച് ഓപ്പണില്‍ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതെന്ന് എനിക്കറിയാം. പക്ഷേ ഞാനത് തുറന്നുപറഞ്ഞാല്‍ അതൊരു ഒഴികഴിവായി മാറും. അതുകൊണ്ട് ഞാനത് മനസ്സില്‍ തന്നെ സൂക്ഷിക്കുന്നു,’ തോല്‍വിക്ക് ശേഷം മെദ്വദേവ് പറഞ്ഞു.















