ന്യൂഡൽഹി: യുഎസ്-ഇസ്രയേൽ കടന്നുകയറ്റത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി ഫെബ്രുവരി 28 മുതൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണ്. ആഗോള ഇന്ധനത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ കപ്പൽപ്പാതയിലെ തടസ്സം ലോകമെമ്പാടും എണ്ണവില വർദ്ധനവിനും വിലക്കയറ്റത്തിനും കാരണമായി. ഏപ്രിൽ ഒൻപതിന് വെടിനിർത്തൽ വന്നെങ്കിലും പാത ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. എന്നാൽ, ഈ കടുത്ത പ്രതിസന്ധിക്കിടയിലും ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി യാത്ര തുടരുന്നു.
ഇന്ത്യയും ഇറാനും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധമാണ് ഈ സുഗമമായ യാത്രയ്‌ക്ക് പിന്നിൽ. കേന്ദ്ര ഊർജ-ഷിപ്പിങ് മന്ത്രാലയങ്ങൾ, പെട്രോളിയം, വളം മന്ത്രാലയങ്ങളുമായി ചേർന്ന് കപ്പലുകളുടെ മുൻഗണനാക്രമം നിശ്ചയിച്ചാണ് ഇറാനുമായി ബന്ധപ്പെട്ട് സുരക്ഷിത പാതയൊരുക്കുന്നത്. നിലവിൽ 15 ഇന്ത്യൻ കപ്പലുകൾ ഹോർമുസ് മേഖലയിലുണ്ട്. പ്രതിസന്ധി ആരംഭിച്ചതു മുതൽ ശിവാലിക്, നന്ദാദേവി, ജഗ് ലാഡ്കി ഉൾപ്പെടെയുള്ള എട്ടോളം കപ്പലുകൾ ഇന്ത്യ സുരക്ഷിതമായി തീരത്തെത്തിച്ചു.
അതേസമയം, ഹോർമുസ് തുറക്കണമെന്ന അമേരിക്കയുടെ അന്ത്യശാസനം ഇറാൻ തള്ളി. ഇറാന്റെ യുറേനിയം ശേഖരം കൈമാറുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ പച്ചക്കള്ളമാണെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായീലി ബാഘയി വ്യക്തമാക്കി.















