ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂള്‍ തങ്ങളുടെ മുഖ്യ പരിശീലകന്‍ അര്‍നെ സ്ലോട്ടുമായി വേര്‍പിരിഞ്ഞു. ആദ്യ സീസണില്‍ തന്നെ ക്ലബ്ബിന് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്ത ഡച്ച് പരിശീലകനെ, രണ്ടാം സീസണില്‍ ടീം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനെ തുടര്‍ന്നാണ് മാനേജ്‌മെന്റ് പുറത്താക്കിയത്. മോശം പ്രകടനത്തെ തുടര്‍ന്ന് സീസണിന്റെ അവസാന ഘട്ടത്തില്‍ ആന്‍ഫീല്‍ഡിലെ ആരാധകരില്‍ നിന്ന് സ്ലോട്ടിന് കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു.
2024-ല്‍ യോര്‍ഗന്‍ ക്ലോപ്പ് ഒഴിഞ്ഞപ്പോഴാണ് മുന്‍ ഫെയനൂര്‍ദ് പരിശീലകനായ സ്ലോട്ട് ലിവര്‍പൂളിന്റെ ചുമതലയേല്‍ക്കുന്നത്. എന്നാല്‍ ആദ്യ വര്‍ഷത്തെ കിരീടനേട്ടത്തിന് ശേഷം തൊട്ടടുത്ത സീസണില്‍ ടീം നാടകീയമായി തകരുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗ് യോഗ്യത പോലും നഷ്ടമായ ക്ലബ്ബിന് ഈ സീസണില്‍ ഒരു ആഭ്യന്തര കിരീടം പോലും നേടാനായില്ല.
കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ലിവര്‍പൂള്‍ കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഏകദേശം 4970 കോടി രൂപയാണ് (റെക്കോര്‍ഡ് തുക) ചെലവഴിച്ചത്. ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാന നാളുകളില്‍ 125 ദശലക്ഷം പൗണ്ടിന്റെ ബ്രിട്ടീഷ് റെക്കോര്‍ഡ് തുകയ്‌ക്ക് ടീമിലെത്തിച്ച സ്വീഡിഷ് സ്‌ട്രൈക്കര്‍ അലക്‌സാണ്ടര്‍ ഇസാക്കിന് പരിക്കുകള്‍ കാരണം ഫോമിലേക്കുയരാന്‍ കഴിഞ്ഞില്ല. മറ്റൊരു വന്‍ സൈനിംഗായ ജര്‍മ്മന്‍ താരം ഫ്‌ലോറിയന്‍ റിറ്റ്‌സിന് (116 ദശലക്ഷം പൗണ്ട്) സീസണില്‍ ആകെ അഞ്ച് ലീഗ് ഗോളുകള്‍ മാത്രമാണ് നേടാനായത്.
കഴിഞ്ഞ വര്‍ഷം സ്‌പെയിനിലുണ്ടായ വാഹനാപകടത്തില്‍ പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ട മരണപ്പെട്ടത് സ്ലോട്ടിനും ലിവര്‍പൂള്‍ ടീമിനും കളിക്ക് പുറത്തുണ്ടാക്കിയ വലിയൊരു ആഘാതമായിരുന്നു. പ്രതിരോധത്തിലും ആക്രമണത്തിലും പതറിയ ടീമിന്റെ കളിശൈലിയിലെ തീവ്രത നഷ്ടമായത് സ്ലോട്ടിന് തിരിച്ചടിയായി. ഇതിനിടയില്‍ ടീം തിരഞ്ഞെടുപ്പിനെച്ചൊല്ലി സൂപ്പര്‍ താരം മുഹമ്മദ് സലാ പരിശീലകനുമായി പരസ്യമായി കൊമ്പുകോര്‍ത്തു. മോശം പ്രകടനത്തിന്റെ പേരില്‍ ക്ലബ്ബ് തന്നെ ബലിയാടാക്കുകയാണെന്ന് സലാ ആരോപിക്കുകയും ചെയ്തു.
ഈ സീസണോടെ ലിവര്‍പൂള്‍ വിടുമെന്ന് പ്രഖ്യാപിച്ച സലാ, മുന്‍ പരിശീലകന്‍ യോര്‍ഗന്‍ ക്ലോപ്പിന്റെ കാലത്തെ പ്രശസ്തമായ ‘ഹെവി മെറ്റല്‍’ ഫുട്‌ബോള്‍ ശൈലി ക്ലബ്ബ് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അര്‍നെ സ്ലോട്ട് പുറത്തായതോടെ പുതിയ തന്ത്രജ്ഞനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ലിവര്‍പൂള്‍ ആരംഭിച്ചു കഴിഞ്ഞു. ബോണ്‍മൗത്തിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തെത്തിച്ച് ചരിത്രത്തിലാദ്യമായി യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുത്ത സ്പാനിഷ് പരിശീലകന്‍ അന്‍ഡോണി ഇറയോളയുടെ പേരിനാണ് നിലവില്‍ മുന്‍ഗണന കല്‍പ്പിക്കപ്പെടുന്നത്.















