ഉദുമ: തട്ടിപ്പുകളിലൂടെ ലക്ഷങ്ങള്‍ കബളിപ്പിച്ച് മുങ്ങുന്ന അന്തര്‍ജില്ലാ മോഷ്ടാവ് ഒടുവില്‍ പോലീസ് വലയിലായി. തിരുവനന്തപുരം സ്വദേശിയായ 36-കാരന്‍ മനുവാണ് ബേക്കല്‍ പോലീസിന്റെ പിടിയിലായത്. വ്യാജ ഓണ്‍ലൈന്‍ പേയ്‌മെന്റ് രേഖകള്‍ കാണിച്ച് കടക്കാരെ പറ്റിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വാരം കാസര്‍കോട് ഉദുമയിലുള്ള ഒരു സ്വര്‍ണ്ണക്കടയിലാണ് ഒടുവിലത്തെ സംഭവം നടന്നത്.
സ്വയം പോലീസ് ഉദ്യോഗസ്ഥനാണെന്ന് സ്ഥാപിച്ച പ്രതി, രണ്ട് തവണയായി പന്ത്രണ്ടര ഗ്രാമിലധികം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി. തുടര്‍ന്ന് മൊബൈല്‍ ബാങ്കിംഗ് വഴി പണം കൈമാറിയെന്ന വ്യാജ സന്ദേശം കടയുടമയെ വിശ്വസിപ്പിച്ച് ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള ഇടപാടുകള്‍ ഒഴിവാക്കാന്‍, തട്ടിയെടുത്ത സ്വര്‍ണം മംഗളൂരുവിലെ ചില കേന്ദ്രങ്ങളില്‍ നേരിട്ട് വിറ്റ് ഇയാള്‍ പണമാക്കി മാറ്റി. ഈ തുകയുമായി ഗോവയിലെത്തിയ പ്രതി അവിടെ സുഖലോലുപമായ ജീവിതം നയിച്ചുവരികയായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ ഒരു വനിതാ സുഹൃത്തിനെ കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിനൊടുവിലാണ് പോലീസ് സംഘം പ്രതിയെ ഒളിത്താവളത്തില്‍ നിന്ന് പൊക്കിയത്. കാസര്‍കോട് ജില്ലയില്‍ മാസങ്ങളായി തമ്പടിച്ചിരുന്ന പ്രതി വിവിധയിടങ്ങളില്‍ ആളുകളെ പറ്റിച്ച് പണം തട്ടിയെടുത്തിരുന്നതായി പോലീസ് കണ്ടെത്തി. പട്ടാളക്കാരന്‍ ചമഞ്ഞ് പാലക്കുന്നിലെ ഒരു വ്യാപാരിക്ക് സൈനിക ക്വാട്ടയിലുള്ള സിഗരറ്റ് നല്‍കാമെന്ന് പറഞ്ഞ് 3,500 രൂപ വാങ്ങി മുങ്ങി.
പോലീസ് റെയ്ഡില്‍ പിടിച്ചെടുത്ത പാചക എണ്ണ കുറഞ്ഞ വിലയ്‌ക്ക് നല്‍കാമെന്ന് വിശ്വസിപ്പിച്ച് മറ്റൊരു വ്യാപാരിയില്‍ നിന്ന് 4,000 രൂപയും ഇയാള്‍ കൈക്കലാക്കി. പ്രതിയുടെ പക്കല്‍ നിന്നും പോലീസിന്റേത് ഉള്‍പ്പെടെയുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും, കാഞ്ഞങ്ങാട്ടെ ഒരു ആശുപത്രിയില്‍ ‘ഇന്ദുചൂഡന്‍’ എന്ന വ്യാജപ്പേരില്‍ ചികില്‍സ തേടിയതിന്റെ രേഖകളും പോലീസ് കണ്ടെടുത്തു. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പത്തിലധികം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.
ബേക്കല്‍ ഡിവൈ.എസ്.പി. എം.പി.ആസാദിന്റെ നേതൃത്വത്തില്‍, ട്രെയിനി ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ശിവം, സി.ഐ. എം.കെ.അനില്‍കുമാര്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഗോവയിലെത്തി പ്രതിയെ പിടികൂടിയത്.















