ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

Published by
ജനം വെബ്‌ഡെസ്ക്

ലോസ് ആഞ്ചലസ്: ആഗോള സംഗീത രംഗത്തെ വമ്പന്‍ താരങ്ങളെ അണിനിരത്തി ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ചടങ്ങ് അത്യന്തം ഗംഭീരമാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പോപ്പ് താരം ഷക്കീറ, ടൈല എന്നിവരടങ്ങുന്ന പ്രമുഖ ഗായകര്‍ക്കായി പ്രത്യേക മള്‍ട്ടി ട്രാക്ക് മ്യൂസിക് പ്രോജക്ടുകളും മെഗാ ആല്‍ബവും ഫിഫ സജ്ജമാക്കിയിട്ടുണ്ട്. മൂന്ന് വ്യത്യസ്ത വേദികളിലായി നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്കായി വൈവിധ്യമാര്‍ന്ന പ്രമേയങ്ങളാണ് (തീം) അവതരിപ്പിക്കുക. ഈ ചടങ്ങുകളില്‍ അവതരിപ്പിക്കാനുള്ള ആല്‍ബങ്ങളുടെ ഔദ്യോഗിക പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

ഫുട്‌ബോളിനും സംഗീതത്തിനും രാജ്യാതിര്‍ത്തികള്‍ക്കപ്പുറം ജനങ്ങളെ ഒന്നിപ്പിക്കാനുള്ള മാസ്മരിക ശക്തിയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ തന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ വ്യക്തമാക്കി. സംഗീത ലോകത്തെ ആഗോള സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിക്കുന്ന ഒരു മഹാമേളയായിരിക്കും ഉദ്ഘാടന ചടങ്ങെന്നും, ലോകകപ്പിന്റെ ഭാഗമാകാന്‍ ഇത്രയും പ്രഗത്ഭരായ കലാകാരന്മാര്‍ മുന്നോട്ടുവന്നതില്‍ വലിയ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് പോരാട്ടങ്ങള്‍ക്കാണ് ഇക്കുറി വേദിയൊരുങ്ങുന്നത്. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തിയതോടെ ആകെ മത്സരങ്ങളുടെ എണ്ണം 104 ആയി മാറും. പ്രാഥമിക റൗണ്ടില്‍ നാല് ടീമുകള്‍ വീതമുള്ള 12 ഗ്രൂപ്പുകളായി തിരിഞ്ഞ് ആകെ 72 മത്സരങ്ങളാണ് ഉണ്ടായിരിക്കുക.

നോക്കൗട്ട് റൗണ്ടില്‍ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന ലൂസേഴ്‌സ് ഫൈനലും കലാശപ്പോരാട്ടവും ഉള്‍പ്പെടെ ആകെ 32 മത്സരങ്ങള്‍. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങള്‍ സംയുക്തമായാണ് ഈ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അമേരിക്കയിലെ 11 വേദികളും, മെക്‌സിക്കോയിലെ 3 വേദികളും, കാനഡയിലെ 2 വേദികളും ഉള്‍പ്പെടെ ആകെ 16 അത്യാധുനിക സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുക.

Share