ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

Published by
ജനം വെബ്‌ഡെസ്ക്

പാരിസ്: 2026 ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് അര്‍ജന്റീന. ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളില്‍ മുന്‍നിര ടീമുകളായ ഫ്രാന്‍സും സ്‌പെയിനും പോയിന്റ് നഷ്ടപ്പെടുത്തിയതാണ് അര്‍ജന്റീനയ്‌ക്ക് തുണയായത്. എന്നാല്‍, ലോകകപ്പ് തൊട്ടുമുന്നില്‍ എത്തിനില്‍ക്കെ ഒന്നാം റാങ്കിലെത്തിയത് ലയണല്‍ മെസ്സിക്കും സഹതാരങ്ങള്‍ക്കും അത്ര നല്ല വാര്‍ത്തയല്ലെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്.

വ്യാഴാഴ്ച നടന്ന മത്സരങ്ങളില്‍ വന്‍ അട്ടിമറികളാണ് അരങ്ങേറിയത്. അമേരിക്കയിലേക്ക് തിരിക്കും മുന്‍പ് സ്വന്തം മണ്ണില്‍ നടന്ന അവസാന സൗഹൃദ മത്സരത്തില്‍ സ്‌പെയിന്‍ കരുത്തരായ ഇറാഖിനോട് 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞു. അതേസമയം, മറ്റൊരു മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐവറി കോസ്റ്റിനോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി.

തിങ്കളാഴ്ച ഫിഫ ഔദ്യോഗികമായി പുറത്തുവിടുന്ന പുതിയ റാങ്കിങ് പട്ടികയിലായിരിക്കും അര്‍ജന്റീന ഔദ്യോഗികമായി ഒന്നാമതെത്തുക. ശനിയാഴ്ച ഹോണ്ടുറാസിനെതിരെ നടക്കാനിരിക്കുന്ന സൗഹൃദ മത്സരത്തിന്റെ ഫലം എന്തുതന്നെയായാലും ലയണല്‍ സ്‌കലോണിയുടെ സംഘത്തിന് ഒന്നാം സ്ഥാനം ഉറപ്പാണ്. ഏറ്റവും മോശം സാഹചര്യം ഉണ്ടായാല്‍ പോലും അര്‍ജന്റീനയ്‌ക്ക് 1,874 പോയിന്റ് ഉണ്ടാകും. സ്‌പെയിന്‍ (1,873), ഫ്രാന്‍സ് (1,869) എന്നിവരാണ് തൊട്ടുപിന്നില്‍.

ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഫ്രാന്‍സ്, കഴിഞ്ഞ മാര്‍ച്ചിനാണ് സ്‌പെയിനെ മറികടന്ന് ഫ്രാന്‍സ് ഒന്നാം സ്ഥാനത്ത് എത്തിയത്. അതിനു മുന്‍പ്, 2022 ഖത്തര്‍ ലോകകപ്പ് ജയത്തിന് ശേഷം അര്‍ജന്റീന കൈപ്പിടിയിലൊതുക്കിയ ഒന്നാം റാങ്ക് 2025 ജൂലൈയില്‍ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പാനിഷ് പട തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ ലോകകപ്പിന് തൊട്ടുമുന്‍പ് ഒന്നാം റാങ്കിലെത്തുന്നത് വലിയ നേട്ടമായി തോന്നാമെങ്കിലും, കറുത്ത ചരിത്രമാണ് ലോകകപ്പും ഫിഫ റാങ്കിങ്ങും തമ്മിലുള്ളത്. 1992-ല്‍ ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ചതിനു ശേഷം, ലോകകപ്പിലേക്ക് ഒന്നാം റാങ്ക് ടീമായി പ്രവേശിച്ച ഒരു രാജ്യത്തിന് പോലും ഇതുവരെ കിരീടം ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല.

1994ല്‍ ജര്‍മ്മനിയായിരുന്നു ഒന്നാമത്, എന്നാല്‍ കിരീടം ബ്രസീല്‍ കൊണ്ടുപോയി. 1998ല്‍ ബ്രസീല്‍ ഒന്നാം റാങ്കുകാരായി എത്തി ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റു. 2002ല്‍ സിനദിന്‍ സിദാന്റെ ഫ്രാന്‍സ് ഒന്നാമതായി എത്തിയിട്ടും ബ്രസീല്‍ ചാമ്പ്യന്മാരായി. 2006ല്‍ ബ്രസീല്‍ ഒന്നാം റാങ്കുമായി എത്തിയെങ്കിലും ഇറ്റലിയാണ് കിരീടം ചൂടിയത്. 2010ല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീല്‍ വീണ്ടും പരാജയപ്പെട്ടപ്പോള്‍ സ്‌പെയിന്‍ മുത്തമിട്ടു. 2014ല്‍ നിലവിലെ ചാമ്പ്യന്മാരായിരുന്ന സ്‌പെയിന് ഒന്നാം റാങ്ക് നിലനിര്‍ത്താനായില്ല, ജര്‍മ്മനി ജേതാക്കളായി.

2018ല്‍ ജര്‍മ്മനി ഒന്നാം റാങ്കുമായി എത്തി ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായപ്പോള്‍ ഫ്രാന്‍സ് ചാമ്പ്യന്മാരായി. 2022ല്‍ ഖത്തറിലേക്ക് ബ്രസീല്‍ ഒന്നാമന്മാരായി എത്തിയെങ്കിലും കപ്പടിച്ചത് അര്‍ജന്റീനയായിരുന്നു. ഈ ഫിഫ റാങ്കിങ് ‘ശാപം’ കൂടാതെ മറ്റ് ചില കഠിനമായ റെക്കോര്‍ഡുകള്‍ കൂടി മെസ്സിക്കും കൂട്ടര്‍ക്കും വടക്കേ അമേരിക്കയില്‍ വച്ച് മറികടക്കേണ്ടതുണ്ട്. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് തവണ കിരീടം നിലനിര്‍ത്തുക എന്നത് കഴിഞ്ഞ 64 വര്‍ഷമായി ഒരു രാജ്യത്തിനും സാധിക്കാത്ത കാര്യമാണ്. അര്‍ജന്റീനയുടെ ചരിത്രത്തില്‍ ഇതുവരെ തുടര്‍ച്ചയായ ലോകകപ്പ് കിരീടനേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുമില്ല. ചരിത്രത്തെ തിരുത്തിക്കുറിക്കാന്‍ മെസ്സിപ്പടയ്‌ക്ക് സാധിക്കുമോ എന്നാണ് ഇനി ആരാധകര്‍ ഉറ്റുനോക്കുന്നത്.

Share