തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 20ൽ അധികം ക്ഷേത്രങ്ങളിൽ നടന്നത് വ്യാപക കൊള്ള. കോടികൾ വിലമതിക്കുന്ന തിരുവാഭരണങ്ങൾ കാണാനില്ല. സ്വർണാഭരണങ്ങളും, വെള്ളി ആഭരണങ്ങളും, സ്വർണക്കട്ടകളും, വെള്ളി തിരുമുഖങ്ങളുമാണ് കാണാതായത്.
നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളാണ് നഷ്ട്ടപ്പെട്ടത്. തിരുവാഭരണ കമ്മീഷണർ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർക്ക് തിരുവാഭാരണ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചു.
നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ തീരുവാഭരണങ്ങൾ സൂക്ഷിക്കുന്നത് പാറശ്ശാല മഹാദേവ ക്ഷേത്രത്തിലാണ്. ഇവിടത്തെ ലോക്കറിൽ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. എല്ലാ വർഷവും ഇവിടത്തെ തിരുവാഭരണങ്ങളുടെ കണക്കെടുക്കാറുണ്ട്. മെയ് 23 നാണ് റിപ്പോർട്ട് കൈമാറിയത്.
വീരണാങ്കാവ് ക്ഷേത്രത്തിലെ വെളളിത്താമര പൂവ്, പെരുംകുളത്തൂർ ദേവസ്വത്തിലെ വെള്ളിത്തട്ടം, മാങ്കരമുട്ടം ദേവസ്വത്തിലെ വെള്ളിയാഭരണങ്ങൾ, തൃക്കണ്ണ്, അരങ്ങൽ, ചന്ദ്രകല എന്നിവയും നഷ്ടമായിട്ടുണ്ട്. അരവല്ലൂർ, നെയ്യാറ്റിൻകര, കാളേശ്വരം, ചെഴുങ്ങാന്നൂർ, പാറശ്ശാല, മുര്യങ്കര തുടങ്ങി 20 ലധികം ക്ഷേത്രങ്ങളിലെ അമൂല്യമായ വസ്തുവകകളാണ് കാണാതായത്. എന്നാൽ ഇവയുടെ തൂക്കമോ മൂല്യമോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല
ശബരിമല കൊള്ളയ്‌ക്ക് സമാനമായ അതീവ ഗുരുതരമായ ക്രമക്കേട് നടന്നിട്ടും നടപടിയെടുക്കാൻ ദേവസ്വം ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല ഇത് സംബന്ധിച്ച് വിശദീകരണത്തിന് ജനം ടിവി ആരാഞ്ഞപ്പോൾ തികച്ചും നിരുത്തരവാദിത്തപരമായ മറുപടിയാണ് ദേവസ്വം അധികൃതർ നൽകിയത്. ‘ഇവ ചില കാര്യങ്ങൾക്ക് ഉപയോഗിക്കാൻ എടുത്തിട്ടുണ്ട് അതെല്ലാം എവിടെയെങ്കിലും കാണും’ എന്ന വിചിത്രമായ പ്രതികരണമാണ് ദേവസ്വം ബോർഡ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
എല്ലാ വർഷം ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ ഓഡിറ്റിന് വിധേയമാക്കാറുണ്ട്. ആഭരണം കാണാനില്ലെന്ന് വ്യക്തമായാൽ അതിവിചിത്രമായ മറുപടിയാണ് തിരുവാഭരണം കമ്മീഷണർക്ക് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ നൽകുന്നത്. അമൂല്യവസ്തുക്കൾ ഉത്സവത്തിനായി മറ്റ് ക്ഷേത്രങ്ങളിൽ കൊണ്ടുപോയിട്ടുണ്ടെന്നും അത് തിരിച്ചെത്തും എന്ന തരത്തിലാണ് പതിവ് റിപ്പോർട്ട്. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കതിന് പകരം സംരക്ഷിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇപ്പോഴും ശ്രമിക്കുന്നത്,















