ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഭാവി തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനുമായി നിര്‍ണ്ണായക എന്‍ഡിഎ ദേശീയ യോഗം ഇന്ന് തലസ്ഥാനത്ത് ചേരും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഭാരത് മണ്ഡപത്തിലാണ് ഭരണമുന്നണിയുടെ ശക്തിപ്രകടനം കൂടിയായ ഈ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും ഉജ്ജ്വല വിജയം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപിയും സഖ്യകക്ഷികളും. കേരള നിയമസഭയില്‍ ചരിത്രത്തിലാദ്യമായി മൂന്ന് ജനപ്രതിനിധികളെ എത്തിക്കാനായതും മുന്നണിക്ക് വന്‍ ആവേശം പകര്‍ന്നിട്ടുണ്ട്.
വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇന്നത്തെ യോഗം അജണ്ടകള്‍ നിശ്ചയിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ എന്‍ഡിഎയുടെ പാര്‍ലമെന്റിലെ കരുത്ത് ഇരട്ടിക്കും. ബിജെപിക്ക് മാത്രമായി രാജ്യസഭയില്‍ കേവല ഭൂരിപക്ഷം ലഭിക്കുമെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ഇതോടെ സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും തടസ്സമില്ലാതെ പാസാക്കാന്‍ ഭരണകക്ഷിക്ക് സാധിക്കും.
പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്‍ഡി’ സഖ്യത്തിന്റെ യോഗം കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്നിരുന്നു. സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്താണ് അവര്‍ പിരിഞ്ഞതെങ്കിലും മുന്നണിയിലെ രണ്ട് പ്രമുഖ കക്ഷികള്‍ സഖ്യം വിട്ടത് പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്. ശക്തി തെളിയിക്കാന്‍ ഒത്തുകൂടിയ പ്രതിപക്ഷം ഭിന്നതയോടെ പിരിഞ്ഞ പശ്ചാത്തലത്തിലാണ് എന്‍ഡിഎയുടെ ഇന്നത്തെ യോഗം.
കഴിഞ്ഞ 12 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ വിലയിരുത്തലും, വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കേണ്ട വികസന മുന്നേറ്റങ്ങളും ഇന്നത്തെ യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകും. എല്ലാ സഖ്യകക്ഷി നേതാക്കളും മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.















