ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക റിട്ടേണിങ് ഓഫീസര്‍ തള്ളി. സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോധപൂര്‍വ്വം മറച്ചുവെച്ചെന്ന പരാതിയെ തുടര്‍ന്നാണ് നാടകീയമായ ഈ നടപടിയുണ്ടായത്.
മൂന്നാം രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് കേവത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പത്രിക തള്ളിയതെന്ന് മധ്യപ്രദേശ് നിയമസഭാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. തെലങ്കാനയിലെ ഒരു കോടതിയില്‍ മീനാക്ഷി നടരാജനെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ടെന്നും ഈ വിവരം സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും മഹേഷ് കേവതിന്റെ അഭിഭാഷകന്‍ സങ്കേത് ഗുപ്ത വ്യക്തമാക്കി.
സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം കേസുകളുടെ വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്നും പത്രികയില്‍ മറ്റ് ചില പോരായ്മകളും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















