തിരുവനന്തപുരം: കൗൺസിലർ ആർ. സുഗതനെ അറസ്റ്റ് ചെയ്യാൻ അർദ്ധരാത്രി വീട്ടിലെത്തിയ പോലീസ് കൊച്ചു കുട്ടിക്കെതിരേ തോക്കു ചൂണ്ടിയെന്നു മേയർ വി.വി. രാജേഷ്. നടപടിയെ തുടർന്ന് അവധിയിലായിരുന്ന വട്ടിയൂർക്കാവ് സിഐ: ബിപിൻ തിരിച്ചെത്തി ഈ അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കിയത് മുൻ സിപിഎം എംഎൽഎയുടെ സമ്മർദ്ദത്തിലാണെന്നും മേയർ ആരോപിച്ചു.
എന്തായിരുന്നു ഈ തരത്തിൽ വീടുവളഞ്ഞ് അറസ്റ്റ് നടത്തേണ്ട ആവശ്യമെന്ന് മേയർ ചോദിച്ചു. കാപ്പ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറയുമ്പോൾ മാധ്യമങ്ങൾ അത് ഏറ്റുപറയുന്നതിനു മുമ്പ് അതിന്റെ രേഖകൾ കണ്ടിരുന്നോ. ഇല്ലാത്തതല്ലേ പോലീസ് പ്രചരിപ്പിക്കുന്നത്.
വട്ടിയൂർക്കാവ് പോലീസ് നിരന്തരം അവിടത്തെ ബിജെപി പ്രവർത്തകർക്കെതിരേ ഇത്തരത്തിൽ നടപടി എടുക്കുകയാണ്. വെള്ളക്കടവ് അമ്പലത്തിലെ ഒരു മൈക്ക് ഉപയോഗം സംബന്ധിച്ച തർക്കത്തിലുള്ള കേസാണ് ഇതിന് കാരണമായി പറയുന്നത്. എന്റെ പേരിലും കേസുകളുണ്ട്. എന്നുവെച്ച് ഇങ്ങനെയാണോ ചെയ്യേണ്ടത്.
ഈ കേസിൽ സുഗതൻ ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. അത് തള്ളി. 10 ദിവസത്തിനുള്ളിൽ പോലീസിൽ ഹാജരാകാനാണ് കോടതി പറഞ്ഞത്. അതിനിടെ സുഗതന് ചിക്കൻപോക്‌സിന്റെ ലക്ഷണങ്ങൾകണ്ട്. രണ്ടു ദിവസത്തേക്ക് അവധി ചോദിച്ച് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി തീരുമാനം പറയാൻ നിശ്ചയിച്ചിരിക്കുകയാണ്. അതിനിടെയാണ് ഈ രാത്രി നടപടികൾ.
ബിപിൻ എന്ന വട്ടിയൂർക്കാവ് സിഐ ക്രിമിനൽ മാനസികാവസ്ഥയുള്ളയാളാണ്. ഇയാൾക്കെതിരേ വിവിധ പരാതികൾ ഉണ്ട്. കാര്യങ്ങൾ ഡിജിപിയ്‌ക്ക് ബോധ്യപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്തി റിപ്പോർട്ട് പ്രകാരം ബിപിനോട് നിർബന്ധിതമായി അവധിയിൽ പോകാൻ പറഞ്ഞിരിക്കുകയായിരുന്നു.
അവധിയിലായിരുന്ന ബിപിനെ തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ ചെന്ന് സംസാരിച്ച് വേണ്ട ഒത്താശയും സമ്മർദ്ദവും ചെലുത്തിയത് ഇടതുപക്ഷത്തുള്ള മുൻ എംഎൽഎയാണ്. ഞാൻ ഈ പറഞ്ഞത് ശരിയല്ലേ എന്ന് അന്വേഷിച്ചുനോക്കൂ എന്നും മേയർ വി.വി. രാജേഷ് പറഞ്ഞു.















