കൊച്ചി: നടി ലക്ഷ്മി പ്രിയയ്‌ക്കും വനിതാ എസ്‌ഐക്കുമെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട്.വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും വനിതാ എസ്ഐയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ പരാതി.
തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും അതിനാൽ പരാതിയിൽ കേസെടുക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി.
അൻസിബക്കെതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിയിലും അടിസ്ഥാനമില്ലെന്നാണ് പോലീസ് പറയുന്നത് . പോലീസ് റിപ്പോർട്ടിനെ തുടർന്ന് കോടതിയെ സമീപിക്കാനാണ് അൻസിബയുടെ തീരുമാനം. ലക്ഷ്മിപ്രിയയുടെ പരാതിയിൽ നോട്ടീസ് പോലും നൽകാതെയാണ് വിളിച്ചു വരുത്തിയത്. മൂന്നു മണിക്കൂറോളം തന്നെ തടഞ്ഞുവച്ചു, മാനസികമായി പീഡിപ്പിച്ചു. ലക്ഷ്മിപ്രിയയുടെ പരാതിയിലും കഴമ്പില്ലെങ്കിൽ എന്തിനാണ് വിളിച്ചുവരുത്തിയതെന്നും അൻസിബ ചോദിക്കുന്നു.
ഈ വിഷയം ചൂണ്ടിക്കാട്ടി അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഈ പരാതിയിലായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണം പ്രഖ്യാപിച്ചത്. തൃക്കാക്കര എസിപിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് അൻസിബയെയും ലക്ഷ്മിപ്രിയയെയും ചോദ്യം ചെയ്യുകയായിരുന്നു.















