മാസപ്പടി കേസ്: ടി. വീണയ്‌ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി : സിഎംആര്‍എൽ മാസപ്പടി കേസിൽ എക്സാലോജിക് മാനേജിംഗ് ഡയറക്ടര്‍ വീണ ടിയ്‌ക്ക് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി)സമന്‍സ്. ബുധനാഴ്ച രാവിലെ 10.30ന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്.

ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ ഇ ഡി സമന്‍സ് അയച്ചിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടി ഹാജരാകാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് വീണ അറിയിക്കുകയായിരുന്നു. രണ്ടാഴ്ച സാവകാശം തേടിയാണ് വീണ ഇ മെയില്‍ അയച്ചത്. അന്വേഷണ സംഘം ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും അഭിഭാഷകന്‍ വഴി സമര്‍പ്പിക്കാമെന്നും വീണ കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബുധനാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് ഇന്ന് വീണ്ടും ഇ ഡി സമന്‍സ് അയയ്‌ക്കുകയായിരുന്നു.

സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലും അടുത്ത ആഴ്ച നടക്കും. സിഎംആര്‍എല്‍ എംഡി എസ് എന്‍. ശശിധരന്‍ കര്‍ത്ത, മകന്‍ ശരണ്‍ എസ് കര്‍ത്ത, കുടുംബാംഗങ്ങള്‍, കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍ തുടങ്ങിയ ഒമ്പത് പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ശശിധരന്‍ കര്‍ത്തയോട് തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിരിക്കുന്നത്.

Share