കൊച്ചി: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത് തടങ്കലില്‍ പാര്‍പ്പിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം വ്യാപകമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ സിലിഗുരി സ്വദേശി അബ്ദുല്‍ റഹിമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനു സമീപത്തു നിന്നാണ് പ്രതി പിടിയിലായത്.
സംഘത്തിൽ 11 പ്രതികളാണ് ഉള്ളത്. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്. തടവിൽ നിന്ന് രക്ഷപ്പെട്ട കർണാടക സ്വദേശി വ്യാഴാഴ്ച രാവിലെ 11-മണിയോടെ ചേരാനെല്ലൂർ സ്റ്റേഷനിലെത്തി വിവരം പറഞ്ഞതോടെയാണ് രഹസ്യകേന്ദ്രത്തെക്കുറിച്ച് അറിയുന്നത്. ഒരാൾ രക്ഷപ്പെട്ടതറിഞ്ഞ് പ്രതികൾ പോലീസെത്തും മുൻപ് പണവും മറ്റ് സാധനങ്ങളുമായി മുങ്ങിയിരുന്നു.
ചേരാനല്ലൂരിലെ വാടക കെട്ടിടത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ഏഴ് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഓരോരുത്തരില്‍ നിന്നും പ്രതി 30 ലക്ഷം രൂപ വീതം തട്ടിയെടുത്തെന്നാണ് വിവരം.















