ടൊറന്റോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ ബോസ്‌നിയയോട് സമനില വഴങ്ങി ആതിഥേയരായ കാനഡ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിയുകയായിരുന്നു. ടൊറന്റോയില്‍ നടന്ന മത്സരത്തില്‍ കാനഡയ്‌ക്കായി കൈയ്ല്‍ ലാരിനും ബോസ്‌നിയയ്‌ക്കായി ജോവോ ലൂക്കിച്ചും ലക്ഷ്യം കണ്ടു. ഈ സമനിലയോടെ ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ ആദ്യ പോയിന്റ് സ്വന്തമാക്കാന്‍ കാനഡയ്‌ക്ക് സാധിച്ചു. ഇതിനുമുമ്പ് 1986-ല്‍ മെക്‌സിക്കോയിലും 2022-ല്‍ ഖത്തറിലും ലോകകപ്പ് കളിച്ച കാനഡ, പങ്കെടുത്ത ആറ് മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ ഇരു ടീമുകളും തുല്യശക്തികളെപ്പോലെയാണ് പന്തുരുട്ടിയത്. എന്നാല്‍ ആദ്യ പത്തു മിനിറ്റുകള്‍ക്ക് ശേഷം കാനഡ കളം നിറഞ്ഞു കളിച്ചെങ്കിലും ബോസ്‌നിയന്‍ പ്രതിരോധം ഭേദിക്കാന്‍ അവര്‍ക്കായില്ല. പരിക്കേറ്റ സൂപ്പര്‍ താരം അല്‍ഫോണ്‍സോ ഡേവിസിന്റെ അഭാവം കാനഡയുടെ നീക്കങ്ങളില്‍ വ്യക്തമായിരുന്നു. മറുവശത്ത്, യോഗ്യതാ റൗണ്ടില്‍ ഇറ്റലിയെ അട്ടിമറിച്ചെത്തിയ ബോസ്‌നിയ ആദ്യ പകുതിയില്‍ ലഭിച്ച സുവര്‍ണ്ണാവസരം മുതലാക്കി. 21-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നും സീഡ് കൊലാസിനാക് തലകൊണ്ടു നല്‍കിയ പാസ്സ് ജോവോ ലൂക്കിച്ച് ഹെഡറിലൂടെ കാനഡയുടെ വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ കാനഡ കിണഞ്ഞു ശ്രമിച്ചെങ്കിലും 50-ാം മിനിറ്റിനു ശേഷം ലഭിച്ച രണ്ട് അവസരങ്ങള്‍ അവര്‍ക്ക് ഗോളാക്കാനായില്ല. ഒടുവില്‍ 79-ാം മിനിറ്റില്‍ താനി ഒലുവസേയിക്ക് പകരക്കാരനായി കോര്‍ട്ടിലിറങ്ങിയ കൈയ്ല്‍ ലാരിന്‍, കളത്തിലിറങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി കാനഡയ്‌ക്ക് ആശ്വാസ സമനില സമ്മാനിച്ചു. ജൊനാഥന്‍ ഡേവിഡ്, ടയോണ്‍ ബുക്കാനന്‍ എന്നിവര്‍ നടത്തിയ മുന്നേറ്റങ്ങളെല്ലാം ബോസ്‌നിയന്‍ പ്രതിരോധത്തിന് മുന്നില്‍ വഴിമാറിയെങ്കിലും, ലാരിന്റെ കൃത്യമായ ഇടപെടല്‍ ആതിഥേയരെ തോല്‍വിയില്‍ നിന്നും ചരിത്രപരമായ ആദ്യ പോയിന്റിലേക്കും നയിച്ചു.















