ന്യൂഡല്‍ഹി: തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയില്‍ പുതിയ ചരിത്രമെഴുതി ഭാരതത്തിന്റെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍. 2026 ജൂണ്‍ 10, 11 തീയതികളിലായി വെറും 24 മണിക്കൂറിനുള്ളിലാണ് രാജ്യം നിര്‍ണ്ണായകമായ മൂന്ന് മിസൈല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.
രണ്ട് ബാലിസ്റ്റിക് മിസൈല്‍ ഡിഫന്‍സ് ഇന്റര്‍സെപ്റ്റര്‍ മിസൈലുകളും, ഇന്ത്യന്‍ നാവികസേനയ്‌ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത തദ്ദേശീയ നേവല്‍ ആന്റി-ഷിപ്പ് മിസൈല്‍-മീഡിയം റേഞ്ചുമാണ് വിജയകരമായി വിക്ഷേപിച്ചത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ പോലും തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക പ്രതിരോധ കവചമുള്ള ലോകത്തിലെ മുന്‍നിര രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബിലേക്ക് ഈ നേട്ടത്തോടെ ഇന്ത്യയും അര്‍ഹത നേടി.
ഇന്ത്യയുടെ ഫേസ്-2 ബിഎംഡി പദ്ധതിയുടെ ഭാഗമായാണ് ശത്രുരാജ്യങ്ങളുടെ ദീര്‍ഘദൂര മിസൈലുകളെയും വ്യോമാക്രമണങ്ങളെയും തടയാന്‍ ശേഷിയുള്ള ഈ സംവിധാനം പരീക്ഷിച്ചത്. അന്തരീക്ഷത്തിന് അകത്തുവെച്ചും പുറത്തുവെച്ചും ശത്രുക്കളുടെ മിസൈലുകളെ തരിപ്പണമാക്കാന്‍ ഈ മള്‍ട്ടി-ലെയര്‍ പ്രതിരോധ സംവിധാനത്തിന് സാധിക്കും. സങ്കീര്‍ണ്ണമായ റഡാര്‍ ശൃംഖലകളും കമാന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റങ്ങളും സംയോജിപ്പിച്ചു കൊണ്ട് കൃത്രിമമായി സൃഷ്ടിച്ച മിസൈല്‍ ലക്ഷ്യങ്ങളെ കൃത്യമായി പിന്തുടര്‍ന്ന് തകര്‍ക്കാന്‍ ഈ ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ക്ക് കഴിഞ്ഞു.
കടലിലെ ആക്രമണങ്ങളെ ശക്തമായി നേരിടുന്നതിനും നാവികസേനയുടെ ആക്രമണശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായാണ് പുതിയ ആന്റി-ഷിപ്പ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. ഇന്ത്യ കൈവരിച്ച ഈ ചരിത്ര വിജയത്തില്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. വളര്‍ന്നുവരുന്ന വ്യോമാക്രമണ ഭീഷണികള്‍ക്കെതിരെ രാജ്യത്തിന് ശക്തമായ സുരക്ഷാ കവചമൊരുക്കാന്‍ ഈ പരീക്ഷണങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. അത്യാധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഈ വിജയങ്ങള്‍ പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ തദ്ദേശീയമായ കരുത്തിന്റെ മികച്ച തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















