നോയിഡ: ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ മൂന്നാമത്തെ വിമാനത്താവളമായ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം (ജെവാര്‍) ജൂണ്‍ 15 മുതല്‍ വാണിജ്യ സര്‍വീസുകള്‍ ആരംഭിക്കും. കര്‍ഷകരുമായി ലഖ്നൗവിലേക്കായിരിക്കും ഇവിടെ നിന്നുള്ള ആദ്യ വിമാനം പറന്നുയരുകയെന്ന് വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ 15-ന് രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വ്യോമയാന മന്ത്രാലയത്തിലെയും ഡിജിസിഎയിലെയും ഉദ്യോഗസ്ഥരും നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് പ്രതിനിധികളും വിമാനത്താവള സിഇഒയും പങ്കെടുക്കും. മാര്‍ച്ച് 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന ആദ്യ വിമാനക്കമ്പനി ഇന്‍ഡിഗോ ആയിരിക്കും. ആദ്യ ദിനത്തില്‍ ലഖ്നൗ, ബെംഗളൂരു നഗരങ്ങളിലേക്കാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നത്. ഫ്‌ലൈറ്റ് 6ഇ 2278 രാവിലെ 7.05-ന് ലഖ്നൗവില്‍ നിന്ന് പുറപ്പെട്ട് 8.05-ന് നോയിഡയിലെത്തും. തുടര്‍ന്ന് രാവിലെ 8.35-ന് നോയിഡയില്‍ നിന്ന് പുറപ്പെട്ട് 11.05-ന് ബെംഗളൂരുവിലിറങ്ങും.
വരും ദിവസങ്ങളില്‍ ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങള്‍ക്കും അമൃത്സര്‍, ചണ്ഡീഗഢ്, ധര്‍മ്മശാല, ജയ്പൂര്‍, ലഖ്നൗ, നവി മുംബൈ, പന്ത്നഗര്‍, ശ്രീനഗര്‍ തുടങ്ങിയ ടൗണ്‍ നഗരങ്ങള്‍ക്കും ഉള്‍പ്പെടെ രാജ്യത്തെ 16-ലധികം കേന്ദ്രങ്ങളിലേക്ക് നോയിഡയില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഇതിനായുള്ള ബുക്കിങ് ഘട്ടംഘട്ടമായി ആരംഭിച്ചിട്ടുണ്ട്.
വാണിജ്യ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തന സജ്ജത പരിശോധിക്കുന്നതിനുള്ള ‘എയര്‍ക്രാഫ്റ്റ് ടേണ്‍എറൗണ്ട് ട്രയല്‍’ ജൂണ്‍ 9-ന് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇന്‍ഡിഗോ വിമാനക്കമ്പനിയുമായി സഹകരിച്ചായിരുന്നു ഈ പരീക്ഷണം. വിമാനങ്ങള്‍ കൃത്യമായി പാര്‍ക്ക് ചെയ്യാന്‍ പൈലറ്റുമാരെ സഹായിക്കുന്ന ഓട്ടോമേറ്റഡ് ഡിസ്പ്ലേ സംവിധാനമായ വിഷ്വല്‍ ഡോക്കിങ് ഗൈഡന്‍സ് സിസ്റ്റം, പാസഞ്ചര്‍ ബോര്‍ഡിങ് ബ്രിഡ്ജുകള്‍, ഗ്രൗണ്ട് പവര്‍ സിസ്റ്റം എന്നിവയുടെ പ്രവര്‍ത്തനം ഈ ട്രയലിലൂടെ വിലയിരുത്തി.
കൂടാതെ ലഗേജ് കൈകാര്യം ചെയ്യല്‍, കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍, ഇന്‍-ഫ്‌ളൈറ്റ് കാറ്ററിങ്, വിമാനങ്ങളില്‍ ഇന്ധനം നിറയ്‌ക്കല്‍ എന്നിവയും വിജയകരമായി പരീക്ഷിച്ചു. ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം, റിക്വയര്‍ഡ് നാവിഗേഷന്‍ പെര്‍ഫോമന്‍സ് എന്നീ ലാന്‍ഡിങ് പ്രക്രിയകളുടെ പുനഃപരിശോധനയും ഈ ഒരുക്കങ്ങളുടെ ഭാഗമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ യാത്രക്കാര്‍ക്ക് സുഗമമായ അനുഭവം ഉറപ്പാക്കാനാണ് ഇത്തരം വിപുലമായ പരീക്ഷണങ്ങള്‍ നടത്തിയതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.















