കാസര്‍കോട്: മേല്‍പ്പറമ്പ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ കടുത്ത ആസൂത്രണങ്ങള്‍ വെളിപ്പെടുത്തുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വന്തം പിതാവിന് പുറമെ, അമ്മയുടെ സുഹൃത്തായ സ്‌നേഹ മെര്‍ലിന്‍ (25) എന്ന യുവതിയും തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് 16-കാരി മൊഴി നല്‍കിയിരിക്കുന്നത്. ക്രൂരമായ ഈ വിവരങ്ങള്‍ പുറത്തുവന്നതോടെ ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
പെണ്‍കുട്ടിയെ സ്വന്തം പിതാവ് പീഡിപ്പിച്ച കേസിനെ തുടര്‍ന്ന് കുട്ടിയെ നീലേശ്വരത്തുള്ള ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ച് അധികൃതര്‍ നടത്തിയ വിശദമായ കൗണ്‍സിലിങ്ങിലാണ്, അച്ഛന് പുറമെ സ്‌നേഹയും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം കുട്ടി തുറന്നുപറയുന്നത്. പെണ്‍കുട്ടിയുടെ അമ്മ വീട്ടിലുള്ളപ്പോള്‍ പോലും സ്‌നേഹ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടി വ്യക്തമാക്കുന്നു.
അമ്മയുടെ സുഹൃത്തായ സ്‌നേഹ ഒരു വര്‍ഷത്തോളം ഇവരുടെ വീട്ടില്‍ ഒപ്പം താമസിച്ചിരുന്നു. ഈ കാലയളവിലാണ് പീഡനം നടന്നത്. അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ കുടുംബവും പ്രതിയായ യുവതിയും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ പശ്ചാത്തലവും പോലീസിന് ലഭിച്ചു. മയക്കുമരുന്ന് വില്‍പ്പന കേസില്‍ പ്രതിയായിരുന്ന പെണ്‍കുട്ടിയുടെ അമ്മയും, മറ്റൊരു പോക്‌സോ കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന സ്‌നേഹ മെര്‍ലിനും കണ്ണൂര്‍ ജയിലില്‍ വെച്ചാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ജയില്‍ മോചിതരായ ശേഷവും ഇവര്‍ സൗഹൃദം തുടര്‍ന്നു.
ഈ പീഡന പരമ്പരയില്‍ കുട്ടിയുടെ മാതാപിതാക്കള്‍ രണ്ടുപേരും നിലവില്‍ നിയമനടപടി നേരിടുകയാണ്. മകളെ പീഡിപ്പിച്ച കേസില്‍ നിലവില്‍ പോക്‌സോ നിയമപ്രകാരം ജയിലിലാണ് പിതാവ്. അച്ഛന്‍ മകളെ പീഡിപ്പിക്കുന്ന വിവരം അറിഞ്ഞിട്ടും അത് പോലീസില്‍ അറിയിക്കാതെ ഒളിച്ചുവെച്ചതിനാണ് അമ്മയെ ഈ കേസില്‍ പ്രതിയാക്കിയിരിക്കുന്നത്. പ്രതിയായ സ്‌നേഹ മെര്‍ലിന്‍ മുന്‍പും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളയാളാണ്.
കണ്ണൂരില്‍ വെച്ച് ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ച പോക്‌സോ കേസുകളില്‍ ഇവര്‍ നേരത്തെ പ്രതിയായിരുന്നു. അതിലൊരു കേസിലെ ശിക്ഷാകാലത്താണ് ഇവര്‍ കുട്ടിയുടെ അമ്മയെ ജയിലില്‍ വെച്ച് കാണുന്നത്. നിലവില്‍ ഒളിവില്‍ കഴിയുന്ന സ്‌നേഹയെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.















