കൊല്ലം: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ തപോമയ ജീവിതവും സംഘടനാ ദർശനവും അടയാളപ്പെടുത്തുന്ന ‘നമ്മുടെ ആദർശം’ പുസ്തകം പ്രകാശനം ചെയ്തു. തലവൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടന്ന ദക്ഷിണ കേരള പ്രാന്തീയ പ്രചാരക ബൈഠക്കിലായിരുന്നു പ്രകാശനച്ചടങ്ങ്.
കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിച്ച പുസ്തകം സംഘത്തിന്റെ അഖില ഭാരതീയ പ്രചാരക് പ്രമുഖ് സാന്ത്വരഞ്ജൻ, മുതിർന്ന പ്രചാരകനായ എസ്. സേതുമാധവന് നൽകി പ്രകാശനം നിർവഹിച്ചു.
സംഘ സ്ഥാപകനായ ഡോക്ടർജിയുടെ ജീവിതത്തെ നേരിൽ കാണുകയും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുകയും ചെയ്ത ഒമ്പത് കാര്യകർത്താക്കളുടെ സ്മൃതികളുടെ സമാഹാരമാണ് ഈ പുസ്തകം. ഡോക്ടർജിയുടെ മൗലിക ചിന്ത, വ്യക്തിത്വം, സംഘടനാ വീക്ഷണം, പ്രവർത്തന ശൈലി, സമൂഹത്തിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം തുടങ്ങിയവയെക്കുറിച്ചുള്ള അപൂർവ നേർകാഴ്ചകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശ്രീ ഗുരുജി ഗോൾവൽക്കറുടെ ചിന്തോദ്ദീപക പ്രഭാഷണവും പുസ്തകത്തിലെ ആദ്യ ലേഖനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. Hamara Adarsh എന്ന ഹിന്ദി ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് ‘നമ്മുടെ ആദർശം’.
പ്രാന്തീയ കാര്യകാരി അംഗമായ പാ. സന്തോഷാണ് ലളിതവും ഹൃദ്യവുമായി മലയാള പരിഭാഷ നിർവഹിച്ചത്. കുരുക്ഷേത്ര പ്രകാശനാണ് പ്രസാധകർ. 106 പേജുകളുള്ള പുസ്തകത്തിന്റെ വില 140 രൂപയാണ്.