ന്യൂഡല്‍ഹി: രാജ്യത്തെ അടിസ്ഥാനസൗകര്യ വികസന രംഗത്ത് മറ്റൊരു ചരിത്രനേട്ടത്തിന് വഴിയൊരുങ്ങി. വന്യജീവി സങ്കേതത്തിന് അടിയിലൂടെ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യ എട്ട് വരി റോഡ് തുരങ്കം ഗതാഗതത്തിനായി ഇന്ന് തുറന്ന് നല്‍കും. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ഭാഗമായ ഈ തുരങ്കം രാജസ്ഥാനിലെ കോട്ടയ്‌ക്ക് സമീപമുള്ള മുകുന്ദര ഹില്‍സ് കടുവ സങ്കേതത്തിന് താഴെയൂടെയാണ് കടന്നുപോകുന്നത്.
ഏകദേശം 4.9 കിലോമീറ്റര്‍ നീളമുള്ള തുരങ്കം വന്യജീവികളുടെ സ്വാഭാവിക സഞ്ചാരത്തെ ബാധിക്കാതെ അതിവേഗ റോഡ് ഗതാഗതം സാധ്യമാക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും വികസനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന മാതൃകാ പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്.
പരിസ്ഥിതി അതീവ പ്രാധാന്യമുള്ള മേഖലയായതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തിലധികം സമയമെടുത്തു. വനമേഖലയ്‌ക്ക് ആഘാതമുണ്ടാകാതിരിക്കാന്‍ പ്രത്യേക സാങ്കേതിക വിദ്യകളും നിര്‍മാണ രീതികളും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.
തുരങ്കം പ്രവര്‍ത്തനക്ഷമമാകുന്നതോടെ യാത്രക്കാര്‍ക്കും ചരക്കുഗതാഗത മേഖലയ്‌ക്കും നിരവധി നേട്ടങ്ങളാണ് പ്രതീക്ഷിക്കുന്നത്. സിഗ്‌നല്‍ രഹിതവും വേഗമേറിയതുമായ യാത്ര, രാജസ്ഥാനിലൂടെയുള്ള യാത്രാസമയം കുറയുക, വനമേഖലയിലെ അപകടസാധ്യതകള്‍ ഒഴിവാക്കുക, വിവിധ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, ഇന്ധന ലാഭം കൈവരിക്കുക, വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക എന്നിവ അതില്‍ പ്രധാനമാണ്.
ഏകദേശം 1,386 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ രാജ്യത്തെ ഏറ്റവും വലിയ ദേശീയപാത പദ്ധതികളിലൊന്നാണ്. 95,000 കോടി രൂപയിലധികം ചെലവില്‍ നിര്‍മ്മിക്കുന്ന ഈ പാത ഡല്‍ഹിയെയും മുംബൈയെയും അതിവേഗത്തില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന ഇടനാഴിയായി മാറും.
ഗുരുഗ്രാമിന് സമീപമുള്ള സോഹ്നയില്‍ നിന്ന് ആരംഭിക്കുന്ന എക്‌സ്പ്രസ് വേ ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലൂടെ കടന്ന് ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്തിന് സമീപമാണ് അവസാനിക്കുന്നത്. വ്യവസായ മേഖലകള്‍ക്കും ലോജിസ്റ്റിക് ഹബ്ബുകള്‍ക്കും ഈ പാത വലിയ ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷ.
പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായാല്‍ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്ര 24 മണിക്കൂറിലധികം വേണ്ടിടത്ത് ഏകദേശം 12 മണിക്കൂറായി ചുരുങ്ങും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന നിയന്ത്രിത പ്രവേശന പാതയായതിനാല്‍ ഗതാഗതം കൂടുതല്‍ സുഗമമാകും.
നിലവില്‍ എട്ട് വരികളോടെയാണ് പാത നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും ഭാവിയിലെ ഗതാഗത ആവശ്യകത കണക്കിലെടുത്ത് 21 മീറ്റര്‍ വീതിയുള്ള മീഡിയനോടുകൂടി 12 വരിയിലേക്ക് വികസിപ്പിക്കാനുള്ള സൗകര്യവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വ്യാപാരം, വിനോദസഞ്ചാരം, സാമ്പത്തിക വളര്‍ച്ച എന്നിവയ്‌ക്ക് പുതിയ ഊര്‍ജം പകരുന്ന നിര്‍ണായക പദ്ധതിയായി ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ മാറുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം.















