ശ്യാ൦ബാബു കോറോത്ത് എഴുതുന്നു
വൈകുന്നേരത്തെ ഒരു ചായയും കുടിച്ചു സംസ്കൃതി ഭവന്റെ വരാന്തയിലൂടെ പതുക്കെ നടന്നുപോകുന്ന പി. പരമേശ്വർജിയെ കാണുമ്പോൾ, അദ്ദേഹത്തിനുള്ളിലെ കവി ഉണരുന്നതുപോലെ തോന്നുമായിരുന്നു. ചെടികളോടും പൂക്കളോടും മൗനമായി സംവദിക്കുന്ന ആ നിമിഷങ്ങളിൽ മനസ്സിൽ വിരിയുന്ന വരികൾ പലപ്പോഴും കടലാസിലേക്കെത്താതെ പോയിട്ടുണ്ടാകാം. എന്നാൽ ആ കവിമനസ്സിന്റെ ലോകത്തേക്ക് ഇടയ്‌ക്കിടെ കടന്നുവന്നിരുന്ന രണ്ട് മഹാകവികൾ ഉണ്ടായിരുന്നു — വിഷ്ണു നാരായണൻ നമ്പൂതിരിയും പി. നാരായണക്കുറുപ്പും.ഒരു ചെറു പുഞ്ചിരിയോടെ ഇരുവരെയും സ്വീകരിച്ച് പരമേശ്വർജി അകത്തേക്ക് നടന്നു നീങ്ങും. എന്നാൽ ആ മൂന്ന് കവികളും ഒന്നിച്ചുകൂടുമ്പോൾ, കവിതകളെക്കാൾ ശക്തമായി മുഴങ്ങിയത് ദേശീയബോധവും സാംസ്കാരിക ചിന്തകളുമായിരുന്നു. അവരുടെ സംഭാഷണങ്ങൾക്കിടയിൽ ചായയുമായി കടന്നുചെല്ലാൻ അവസരം ലഭിച്ചതാണ് ഈ ഓർമ്മകൾ കുറിക്കാനുള്ള ധൈര്യം എനിക്ക് നൽകിയത്.

കണ്ണടയ്‌ക്ക് മുകളിലൂടെ തെളിയുന്ന സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ, കവിതകളിലൂടെ മാത്രം പരിചിതരായിരുന്ന ആ മഹാമനീഷികളെ എനിക്ക് പരിചയപ്പെടുത്തി തന്നത് പരമേശ്വർജിയാണ്. അവരെ അടുത്തറിയാൻ ഭാഗ്യം ലഭിച്ചത് പോലും അദ്ദേഹമെന്ന മഹാവൃക്ഷത്തിന്റെ തണലിൽ ഒരിടം ലഭിച്ചതുകൊണ്ടു മാത്രമാണ്.ആ കൂടിച്ചേരലുകളിൽ കവിതയേക്കാൾ കൂടുതൽ ചർച്ചയായിരുന്നത് ചരിത്രവും സംസ്കാരവും ദേശീയതയും ആയിരുന്നു. ആര്യൻ അധിനിവേശ സിദ്ധാന്തമെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ചരിത്രവികൃതികളെക്കുറിച്ച് വിഷ്ണു നാരായണൻ നമ്പൂതിരി സാർ ശക്തമായി വിമർശിച്ചു. മെക്കാളെയുടെ കുബുദ്ധിയെ കാവ്യഭാഷയിൽ വിമർശിച്ചു.

തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മസ്ഥലത്തെ വെറും “പറമ്പ്” എന്നു വിശേഷിപ്പിക്കുന്ന പ്രവണതയോടുള്ള തന്റെ പ്രതിഷേധം പി. നാരായണക്കുറുപ്പ് സാർ പങ്കുവച്ചു. “അത് പട്ടികൾ കയറുന്ന ഒരു പറമ്പല്ല; തുഞ്ചന്റെ പുണ്യഭൂമിയാണ്,” എന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ ഒരു കവിയുടെ ആത്മരോഷം നിറഞ്ഞുനിന്നു. തുഞ്ചൻ തറവാടെന്ന് വിളിച്ചു ശീലിക്കണമെന്നും അദ്ദേഹത്തിന്റെ ആഹ്വാനം. അപ്പോഴും പരമേശ്വർജി പതിവുപോലെ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു…
സ്വാമി വിവേകാനന്ദൻ “ഭ്രാന്താലയം” എന്ന് വിശേഷിപ്പിച്ച കേരളം എങ്ങനെ “തീർത്ഥാലയം” എന്ന നിലയിലേക്ക് ഉയർന്നുവെന്ന നവോത്ഥാന ചരിത്രം പരമേശ്വർജി വിശദീകരിച്ചു. ആ വഴിയിലുണ്ടായ രാഷ്‌ട്രീയ-സാമൂഹിക മാറ്റങ്ങളെക്കുറിച്ചും ചർച്ചകൾ നീണ്ടു. കമ്മ്യൂണിസത്തിന്റെ സ്വാധീനവും അതിന്റെ വൈരുധ്യങ്ങളും കുറുപ്പ് സാർ തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ പങ്കുവെച്ചു.
സംഭാഷണം പിന്നീട് അടിയന്തരാവസ്ഥയുടെ കാലഘട്ടത്തിലേക്ക് കടന്നു. ആ കാലത്ത് അനുഭവിച്ച ജയില്വാസവും രാഷ്‌ട്രീയ പോരാട്ടങ്ങളും പരമേശ്വർജി ഓർമ്മിച്ചു. രാഷ്‌ട്രീയ തടവുകാർക്ക് ലഭിച്ചിരുന്ന ചില പ്രത്യേക ആനുകൂല്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ, മൂന്നുപേരുടെയും മുഖത്ത് ഒരേസമയം വിരിഞ്ഞ ചിരി ഇന്നും മരിക്കാത്ത ഓർമ്മയാണ്.
ഒരു ഇടവേളയിൽ കുറുപ്പ് സാർ എന്നോട് പഠനത്തെക്കുറിച്ചും കോളേജിനെക്കുറിച്ചും ചോദിച്ചു. എം.ജി. കോളേജിൽ പഠിക്കുന്നുവെന്ന് പറഞ്ഞപ്പോൾ പരമേശ്വർജിയുടെ ഓർമ്മകൾ വീണ്ടും സജീവമായി. മന്നത്ത് പദ്മനാഭന്റെ ദൃഢനിശ്ചയത്തിന്റെയും ദർശനത്തിന്റെയും പ്രതീകമായിരുന്നു എം.ജി. കോളേജെന്ന് അദ്ദേഹം പറഞ്ഞു. കോളേജിന്റെ ആദ്യ പ്രിൻസിപ്പലായ പ്രൊഫസർ മന്മഥൻ സാറിനെക്കുറിച്ചുള്ള ഓർമ്മകൾ വിഷ്ണു നാരായണൻ നമ്പൂതിരി സാറും പങ്കുവെച്ചു. അപ്പോൾ, ഒരു ചെറിയ അഭിമാനത്തോടെ, “നമ്പൂതിരി സാറിന്റെ മകൾ എന്നെ പഠിപ്പിക്കുന്നുണ്ട്,” എന്ന് ഞാൻ ഇടയ്‌ക്ക് പറഞ്ഞു. സംസാരത്തിനിടയിൽ കടന്നുകയറിയതിന്റെ ചെറിയ കുറ്റബോധം ഉണ്ടായിരുന്നെങ്കിലും, പരമേശ്വർജിയുടെ പുഞ്ചിരി അതെല്ലാം മായ്ച്ചുകളഞ്ഞു
.
ചായ തണുത്തുപോയതും സമയം കടന്നുപോയതും ആരും അറിഞ്ഞില്ല. എന്നാൽ അതിശയകരമായ കാര്യം, അന്നത്തെ ആ നീണ്ട കൂടിക്കാഴ്ചയിൽ കവിത ഒരിക്കൽ പോലും പ്രധാന വിഷയമായില്ല എന്നതാണ്. കവിതകളെഴുതിയിരുന്ന ആ മൂന്ന് മഹാകവികളുടെ ഹൃദയങ്ങളിൽ അന്ന് മുഴങ്ങിയത് ഭാരതത്തെക്കുറിച്ചുള്ള ചിന്തകളും ദേശീയബോധവുമായിരുന്നു.
സന്ധ്യ മാഞ്ഞിറങ്ങുമ്പോൾ സംഭാഷണങ്ങൾക്കും വിരാമമാകും. അതിഥികളെ യാത്രയാക്കാൻ പരമേശ്വർജിയും ഒപ്പം നടക്കും. അവർ മടങ്ങിയ ശേഷം, അദ്ദേഹം തന്റെ മുറിയിലെ ചെറിയ പൂജാമുറിയിലേക്ക് കടക്കും. ശ്രീരാമകൃഷ്ണ പരമഹംസർ, ശാരദാദേവി, സ്വാമി വിവേകാനന്ദൻ എന്നിവരുടെ ചിത്രങ്ങൾക്കു മുന്നിൽ കണ്ണടച്ച് നാമജപത്തിൽ മുഴുകുന്ന ആ രൂപം ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു.
ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആസ്ഥാനമായ തിരുവനന്തപുരത്തെ സംസ്കൃതി ഭവനിൽ ഒരുകാലത്ത് അരങ്ങേറിയിരുന്ന ആ കാവ്യസന്ധ്യകൾ ഇന്ന് ഒരുപക്ഷേ മറ്റേതോ ലോകത്ത് തുടരുന്നുണ്ടാകാം. അവിടെ തന്റെ പ്രിയ സുഹൃത്തുക്കളായ മഹാകവികൾക്കൊപ്പം വീണ്ടും സംവദിക്കാനായി, ആ മഹാമനീഷിയും ഒടുവിൽ യാത്രയായി.
ശ്യാ൦ബാബു കോറോത്ത്














