തിരുവനന്തപുരം: പ്രമുഖ കവിയും സാഹിത്യകാരനും പത്മശ്രീ ജേതാവുമായ പി. നാരായണക്കുറുപ്പ് അന്തരിച്ചു. മലയാള സാഹിത്യ ലോകത്തിനും സാംസ്കാരിക കേരളത്തിനും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.
കവി, നിരൂപകൻ, വിവർത്തകൻ, വാഗ്മി, സാംസ്കാരിക ചിന്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു പി. നാരായണക്കുറുപ്പ്. മലയാള കവിതയിൽ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച അപൂർവ വ്യക്തിത്വമായി അദ്ദേഹം വിലയിരുത്തപ്പെട്ടു.
ഭാരതീയ സാംസ്കാരിക മൂല്യങ്ങളോടുള്ള പ്രതിബദ്ധത അദ്ദേഹത്തിന്റെ കവിതകളുടെയും ചിന്തകളുടെയും മുഖമുദ്രയായിരുന്നു. സനാതന ധർമ്മബോധം, നീതിചിന്ത, ദേശീയ സാംസ്കാരിക ജാഗ്രത എന്നിവ അദ്ദേഹത്തിന്റെ രചനകളിൽ ശക്തമായി പ്രതിഫലിച്ചിരുന്നു. സമകാലിക സാമൂഹിക-രാഷ്‌ട്രീയ വിഷയങ്ങളോടും അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയിരുന്നു .
ആഖ്യാനത്തിന്റെ കരുത്തും ഭാഷാപാടവവും ചേർന്ന കാവ്യഭാഷയായിരുന്നു അദ്ദേഹത്തിന്റേത്. സംസ്കൃത പാരമ്പര്യത്തിന്റെ സമൃദ്ധിയും മലയാളത്തിന്റെ നാടൻവീര്യവും ഒരുപോലെ ചേർന്ന ഭാഷാശൈലി അദ്ദേഹത്തിന്റെ കവിതകൾക്ക് വ്യത്യസ്ത വ്യക്തിത്വം നൽകി.

സാംസ്കാരിക സംഘടനയായ തപസ്യയുടെ മുൻ സംസ്ഥാന അധ്യക്ഷനെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ദേശീയ സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങളിൽ ദീർഘകാലം സജീവ സാന്നിധ്യമായി.
സാഹിത്യ സംഭാവനകൾക്ക് രാജ്യത്തിന്റെ ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. സാഹിത്യ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
കവിതയിലൂടെ ധർമ്മബോധവും ദേശീയചിന്തയും തലമുറകളിലേക്ക് പകർന്ന അപൂർവ സാഹിത്യകാരനെയാണ് മലയാളത്തിന് ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നത്.
ജനനം 1943 ല്‍ ഹരിപ്പാട്ട്. എം.എ. (ഇംഗ്ലീഷ്). കേന്ദ്രഗവണ്‍മെന്റ് സെക്രട്ടറിയേറ്റിലും വാര്‍ത്താവിനിമയവകുപ്പിലും (ദല്‍ഹി) കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും സേവനമനുഷ്ഠിച്ചു. തപസ്യ കലാസാഹിത്യവേദി, ഭോപ്പാലിലെ ഭാരത്ഭവന്‍, സോപാനം നാടകക്കളരി, കേരളകലാമണ്ഡലം എന്നിവയുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. തപസ്യയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഇപ്പോള്‍ രക്ഷാധികാരി. അമൃതകീര്‍ത്തിപുരസ്‌കാരം, ഓടക്കുഴല്‍പുരസ്‌കാരം, കേരള സാഹിത്യഅക്കാദമി അവാര്‍ഡ് (കവിതയ്‌ക്കും നിരൂപണത്തിനും) സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം, ഉള്ളൂര്‍ അവാര്‍ഡ്, എം.കെ.കെ.നായര്‍ അവാര്‍ഡ്, വള്ളത്തോള്‍ സാഹിത്യസമിതി പുരസ്‌കാരം, സഞ്ജയന്‍ പുരസ്‌കാരം, ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള പുരസ്‌കാരം, ഷാര്‍ജ മലയാളി പുരസ്‌കാരം, എസ്.ഗുപ്തന്‍നായര്‍ സ്മാരക അവാര്‍ഡ് എന്നിവ അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങളാണ്. കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പിനും അര്‍ഹനായിട്ടുണ്ട് പി. നാരായണക്കുറുപ്പ്.
അസ്ത്രമാല്യം, കുറും കവിതയും നെടും കവിതയും, അപൂര്‍ണതയുടെ സൗന്ദര്യം, നാറാണത്തുകവിത, ഭൂപാളം, നിശാഗന്ധി, ഹംസധ്വനി, കിംപ്യൂട്ടര്‍, അമ്മത്തോറ്റം, സാമം സംഘര്‍ഷം, ശ്യാമസുന്ദരം(ഖണ്ഡകാവ്യം), വാക്കിലെ ശകുന്തള, കപോതപുഷ്പം, ഞാന്‍ എന്ന രണ്ട്, കേള്‍ക്കാത്ത ഗാനം, ദശപുഷ്പം (തിരഞ്ഞെടുത്ത കവിതകള്‍), ചൂതയ്യന്റെ ദുരന്തപുരാണം തുടങ്ങിയ കാവ്യസമാഹാരങ്ങളുടെ കര്‍ത്താവ്. ഉണ്ണായിവാരിയര്‍ (ജീവചരിത്രം-ഇംഗ്ലീഷ്), കവിയും കവിതയും, കവിയും കവിതയും കുറേക്കൂടി, കാവ്യബിംബം ഹിന്ദിയിലും മലയാളത്തിലും, മലയാള വൃത്തപഠനം, തനതു കവിത തനതു നാടകം, കവിതയിലെ റിയലിസം, തിരനോട്ടം, വിമര്‍ശവിചാരം എന്നിവയാണ് അദ്ദേഹത്തിന്റെ നിരൂപണഗ്രന്ഥങ്ങള്‍. വിവേകാനന്ദന്‍ (ജീവചരിത്രം), ആറ് ഷേക്‌സ്പിയര്‍ നാടകങ്ങള്‍, ഗെഫേയുടെ ഫൗസറ്റ്, വേദങ്ങളിലെ രാഷ്‌ട്രഗീതം, ഗാന്ധിജിയും ക്രിസ്തുമതവും (പഠനങ്ങള്‍), കടലാസ്സു കപ്പല്‍, വിക്കരനും ചക്കരനും, തേനീച്ചക്കൂട്, കോലപ്പന്‍ പാണ്ടിത്തട്ടാന്‍, പണ്ടു പണ്ട് (കഥകള്‍), ഷേക്‌സ്പിയര്‍ കഥകള്‍, കരിമല കഴിഞ്ഞോ ?, സമ്പൂര്‍ണ്ണവിപ്ലവത്തിലേക്ക്, അരബിന്ദോ ലേഖനങ്ങള്‍, ഈശ്വരന്റെ സ്വന്തം നാട്, ബ്ലാക്മണി തുടങ്ങി ഒട്ടേറെ കൃതികളും പി നാരായണക്കുറുപ്പിന്റേതായി കൈരളിക്ക് ലഭിച്ചിട്ടുണ്ട്.
വിജയലക്ഷ്മിയാണ് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി. മക്കള്‍: ഡോ. വൃന്ദ ജയകുമാര്‍, കെ.എന്‍.വിജു, വിവേക് നാരായണന്‍ താമസം: തിരുവനന്തപുരം പേരൂര്‍ക്കട ഇന്ദിരാനഗറില്‍















