ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ബലൂച് മനുഷ്യാവകാശ പ്രവർത്തകയും ബലൂച് യക്ജെഹ്തി കമ്മിറ്റി (BYC) നേതാവുമായ മഹ്റാങ് ബലൂച്ചിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി. 2024-ൽ ബലൂചിസ്ഥാനിലെ ഗ്വാദറിൽ നടന്ന പ്രതിഷേധത്തിനിടെ അർധസൈനിക സേനാംഗം കൊല്ലപ്പെട്ട കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ബലൂചിസ്ഥാൻ സിംഹമെന്നാണ് മഹ്റാങ് ബലൂച്ച് അറിയപ്പെടുന്നത്.
മഹ്റാങ് ബലൂച്ചിനൊപ്പം BYC നേതാവായ സിബ്ഗത്തുള്ള ഷായ്‌ക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഭീകരപ്രവർത്തനം, രാജ്യദ്രോഹം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ കോടതി ശരിവെച്ചത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയ നേതാക്കൾ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്നും തുടർന്ന് സുരക്ഷാ സേനയുടെ വാഹനത്തെ ആക്രമിച്ച സംഘം അർധസൈനിക സേനാംഗമായ ഷബ്ബീർ ബലൂച്ചിനെ മർദിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
അതേസമയം, മഹ്റാങ് ബലൂച്ചും അവരുടെ സംഘടനയും എല്ലാ ആരോപണങ്ങളും നിഷേധിച്ചു. തങ്ങൾ സമാധാനപരമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണെന്നും വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് മഹ്റാങ് ബലൂച്ചിന്റെ അഭിഭാഷകർ അറിയിച്ചു.
പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ പ്രദേശമാണ് ബലൂചിസ്ഥാൻ. പാകിസ്ഥാനിലെ ഖജനാവ് നിറയ്‌ക്കുന്നതിൽ പ്രധാനമായി സംഭാവന ചെയ്യുന്നതും ബലൂചിസ്ഥാനാണ്. എന്നാൽ പാകിസ്ഥാനിൽ ഏറ്റവും അവികസിതമായ പ്രദേശം കൂടിയാണിത്. കടുത്ത മനുഷ്യവകാശ ലംഘനമാണ് ഇവിടെ നടമാടുന്നത്. ഭരണകൂട ഭീകരതയ്‌ക്കെതിരെ സമരം ചെയ്യുന്നവരെ കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കുന്നതും നിത്യസംഭവമാണ്. ഈ കോടതി വിധി പാകിസ്ഥാനിലെ മനുഷ്യാവകാശ ചർച്ചകൾക്കും ബലൂചിസ്ഥാനിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾക്കും പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.















