ബോസ്റ്റണ്‍: വികാരവും വിവാദവും ഒരുപോലെ നിറഞ്ഞ മത്സരത്തില്‍ നോര്‍വെയെ തകര്‍ത്തു ഫ്രാന്‍സ് ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് കുതിച്ചു. എന്നാല്‍ മത്സരഫലത്തേക്കാള്‍ കൂടുതല്‍ ചര്‍ച്ചയായത് ഫ്രഞ്ച് മുഖ്യപരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സിന്റെ അമ്മയുടെ നിര്യാണത്തെ തുടര്‍ന്ന് ഫ്രഞ്ച് ടീം ആവശ്യപ്പെട്ട ആദരാഞ്ജലി ഫിഫ അനുവദിക്കാതിരുന്നതാണ്.
ദെഷാംപ്‌സിന്റെ മാതാവ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം ക്യാമ്പ് വിട്ടതോടെ നോര്‍വെയ്‌ക്കെതിരായ ഗ്രൂപ്പ് ഐയിലെ നിര്‍ണായക മത്സരത്തില്‍ ഡഗൗട്ടില്‍ ഫ്രാന്‍സിനെ നയിച്ചത് സഹപരിശീലകന്‍ ഗൈ സ്റ്റെഫാനായിരുന്നു.
മുഖ്യപരിശീലകന്റെ കുടുംബത്തോടുള്ള ആദരസൂചകമായി താരങ്ങള്‍ കറുത്ത ആംബാന്‍ഡ് ധരിച്ച് കളിക്കാനും മത്സരത്തിന് മുമ്പ് ഒരു മിനിറ്റ് മൗനാചരണം നടത്താനുമായിരുന്നു ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. എന്നാല്‍ ഇരു ആവശ്യങ്ങളും ഫിഫ തള്ളുകയായിരുന്നു.
മത്സരത്തിന് മുമ്പ് വെനസ്വേലയിലെ വിനാശകരമായ ഭൂകമ്പത്തില്‍ മരിച്ചവരെ അനുസ്മരിച്ച് നേരത്തേ ഒരു മിനിറ്റ് മൗനം നിശ്ചയിച്ചിട്ടുണ്ടെന്ന കാരണമാണ് ഫിഫ ചൂണ്ടിക്കാട്ടിയത്. ഇതോടെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി. കറുത്ത ആംബാന്‍ഡ് ധരിക്കാന്‍ അനുവദിക്കണമെന്ന അവസാന നിമിഷ അഭ്യര്‍ഥനയും ഫിഫ അംഗീകരിച്ചില്ല. തീരുമാനം വലിയ വിവാദത്തിനാണ് വഴിവെച്ചത്.
ദെഷാംപ്‌സിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച ഗൈ സ്റ്റെഫാന്‍ ഡഗൗട്ടിലെത്തിയത് ഒരു പൂച്ചെണ്ടുമായായിരുന്നു. പരിശീലകന്റെ അമ്മയ്‌ക്ക് നിശബ്ദ ആദരമര്‍പ്പിച്ച ആ രംഗം മത്സരത്തിലെ ഏറ്റവും വികാരനിര്‍ഭരമായ നിമിഷങ്ങളിലൊന്നായി മാറി. കളി ആരംഭിച്ചതോടെ വിവാദങ്ങള്‍ മറന്ന് ഫ്രാന്‍സ് തങ്ങളുടെ കരുത്ത് പ്രകടിപ്പിച്ചു. മുന്നേറ്റനിരയില്‍ ഒസ്മാന്‍ ഡെംബെലെ തകര്‍പ്പന്‍ പ്രകടനവുമായി ഹാട്രിക്ക് നേടിയപ്പോള്‍ നോര്‍വെയെ 4-1ന് തകര്‍ത്താണ് ഫ്രഞ്ച് ടീം ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്.
മൂന്ന് മത്സരങ്ങളിലും വിജയിച്ച ഫ്രാന്‍സ് സമ്പൂര്‍ണ ആധിപത്യത്തോടെയാണ് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചത്. വിവാദങ്ങള്‍ക്കിടയിലും കളിക്കളത്തില്‍ മികവ് കൈവിടാത്ത ഫ്രഞ്ച് താരങ്ങള്‍ കിരീടപ്പോരാട്ടത്തിലെ ശക്തരായ സ്ഥാനാര്‍ത്ഥികളാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയും ചെയ്തു.















