ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലെ വനിതാ ടി20 ക്രിക്കറ്റ് മത്സരത്തിന് യോഗ്യത നേടുന്ന ആദ്യ ടീമുകളിലൊന്നായി ഇന്ത്യ. അതേസമയം, പുരുഷ ടീമിന് നേരിട്ട് ഒളിമ്പിക്‌സ് ടിക്കറ്റ് ഉറപ്പിക്കാന്‍ 2026 അവസാനത്തോടെ ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ടീമാകേണ്ടിവരും. നിലവില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഒളിമ്പിക്‌സ് ബെര്‍ത്ത് ഉറപ്പിച്ചത്.

അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തിങ്കളാഴ്ചയാണ് വനിതാ ടി20 മത്സരത്തിനുള്ള ആദ്യ നാല് നേരിട്ടുള്ള യോഗ്യതാ ടീമുകളെ പ്രഖ്യാപിച്ചത്. ഏഷ്യയില്‍ നിന്ന് ഇന്ത്യയും, ഓഷ്യാനിയയില്‍ നിന്ന് ഓസ്‌ട്രേലിയയും, യൂറോപ്പില്‍ നിന്ന് ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിക്കുന്ന ഇംഗ്ലണ്ടും, ആഫ്രിക്കയില്‍ നിന്ന് ദക്ഷിണാഫ്രിക്കയും ലോസ് ആഞ്ചലസിലേക്ക് യോഗ്യത നേടി. ഓരോ ഭൂഖണ്ഡത്തില്‍ നിന്നും ഒരു ടീമിന് മാത്രമാണ് നേരിട്ടുള്ള യോഗ്യത അനുവദിച്ചത്.

പുരുഷ വിഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി വനിതാ വിഭാഗത്തില്‍ ഐസിസി റാങ്കിങ്ങല്ല, നിലവിലെ വനിതാ ടി20 ലോകകപ്പിലെ പ്രകടനമാണ് ആദ്യ നാല് ടീമുകളെ നിര്‍ണയിച്ചത്. ആതിഥേയരായ അമേരിക്കയ്‌ക്ക് നിശ്ചിത റാങ്കിങ് മാനദണ്ഡം പാലിക്കാനായാല്‍ നേരിട്ട് യോഗ്യത ലഭിക്കും. അതിന് സാധിച്ചില്ലെങ്കില്‍ അധിക നേരിട്ടുള്ള ബെര്‍ത്ത് ഐസിസി വനിതാ ടി20 റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ നല്‍കും. അവസാന സ്ഥാനത്തിനായി 2027ല്‍ നടക്കുന്ന പുതിയ ഐസിസി ഒളിമ്പിക്‌സ് ക്വാളിഫയര്‍ ടൂര്‍ണമെന്റ് നടത്തും.

അതേസമയം, പുരുഷ വിഭാഗത്തില്‍ യോഗ്യതാ മാനദണ്ഡം വ്യത്യസ്തമാണ്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ എന്നീ നാല് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന റാങ്കുള്ള യോഗ്യതയുള്ള ടീമുകള്‍ക്ക് ഐസിസി പുരുഷ ടി20 റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് ഒളിമ്പിക്‌സ് ബെര്‍ത്ത് ലഭിക്കും. 2026 ഡിസംബര്‍ 31ലെ ഐസിസി പുരുഷ ടി20 റാങ്കിങ്ങാണ് ഈ യോഗ്യത നിര്‍ണയിക്കുക.

അതിനാല്‍ നേരിട്ട് ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലെത്താന്‍ ഇന്ത്യ ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള യോഗ്യതയുള്ള ടീമാകേണ്ടതുണ്ട്. ആതിഥേയരായ അമേരിക്കയ്‌ക്ക് ആവശ്യമായ റാങ്കിങ് മാനദണ്ഡം പാലിക്കാനായില്ലെങ്കില്‍ അവരുടെ സ്ഥാനം അടുത്ത ഉയര്‍ന്ന റാങ്കുള്ള ടീമിന് ലഭിക്കും. പുരുഷ വിഭാഗത്തിലെ ആറാമത്തെയും അവസാനത്തെയും ടീം 2027ലെ ഐസിസി ഒളിമ്പിക്‌സ് ക്വാളിഫയറിലൂടെയായിരിക്കും തീരുമാനിക്കുക.

128 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് തിരിച്ചെത്തുന്നത്. ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി ആറ് ടീമുകള്‍ വീതമാണ് ടി20 ഫോര്‍മാറ്റില്‍ മാറ്റുരയ്‌ക്കുക.

Share