ബെംഗളൂരു: ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പ്രണയബന്ധം അവസാനിപ്പിച്ച യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍. ബെംഗളൂരുവിലെ മഹാലക്ഷ്മിപുരത്താണ് നടുക്കുന്ന സംഭവം നടന്നത്. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം. 23-കാരിയായ അഞ്ജലി രണ്ട് വര്‍ഷത്തിലേറെയായി രാജീവ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു.
എന്നാല്‍, രാജീവിനെതിരെ നിരവധി മോഷണക്കേസുകള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളുണ്ടെന്ന് പിന്നീട് അഞ്ജലി മനസ്സിലാക്കി. ഇതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ കുടുംബവും നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ബന്ധവുമായി മുന്നോട്ടുപോകാനാകില്ലെന്ന് രാജീവിനെ അറിയിച്ച അഞ്ജലി, വാട്‌സ്ആപ്പിലും ഫോണിലും ഇയാളെ ബ്ലോക്ക് ചെയ്തു. നിരവധി തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അഞ്ജലി പ്രതികരിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
ഇതില്‍ പ്രകോപിതനായ രാജീവ് ഞായറാഴ്ച രാത്രി അഞ്ജലിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. വീടിനുള്ളില്‍വെച്ച് കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ജലി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതിയെ പിടികൂടുന്നതിനായി വ്യാപക അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.















