കരാക്കസ്: ഇരട്ട ഭൂചലനത്തില്‍ തകര്‍ന്ന വെനസ്വേലയില്‍ പ്രതീക്ഷയുടെ കിരണം. ദുരന്തബാധിതമായ ലാ ഗ്വാരിയ സംസ്ഥാനത്ത് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ 106 മണിക്കൂറോളം കുടുങ്ങിക്കിടന്ന 21-കാരനെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു. ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ആണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ദേശീയ അസംബ്ലി പ്രസിഡന്റ് ജോര്‍ജ് റോഡ്രിഗസ് പറഞ്ഞു.
അതേസമയം, വെനസ്വേലയില്‍ വീണ്ടും ശക്തമായ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടതായി യു.എസ്. ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. തലസ്ഥാനമായ കരാക്കസിന് വടക്കന്‍ മേഖലയിലാണ് പുതിയ ഭൂചലനം രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഭൂചലനത്തില്‍ 1,450-ഓളം പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നിരവധി പേര് ഇപ്പോഴും കാണാതായിരിക്കുകയാണ്.
ആശുപത്രികളുടെ ചുമരുകളില്‍ കാണാതായവരുടെ ചിത്രങ്ങള്‍ നിറഞ്ഞിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരന്തത്തില്‍പ്പെട്ടവരെ ജീവനോടെ കണ്ടെത്താനുള്ള നിര്‍ണായകമായ 96 മണിക്കൂര്‍ പിന്നിട്ടെങ്കിലും അത്ഭുതകരമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നതായി യു.കെ. അഗ്നിരക്ഷാ സേനാംഗങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിനിടെ, ഇന്ത്യയുടെ ‘ഓപ്പറേഷന് അമിസ്താദ്’ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം വെനസ്വേലയില്‍ സ്ഥാപിച്ച ഫീല്‍ഡ് ആശുപത്രി 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിച്ചു. വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം കരാക്കസിലെ ഇന്റര്‍നാഷണല്‍ ലാ റിന്‍കൊനാഡ റേസ്ട്രാക്ക് ക്യാമ്പില്‍ ദുരന്തബാധിതര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നുണ്ടെന്ന് വെനസ്വേലയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ജൂണ്‍ 24-നാണ് വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനം ഉണ്ടായത്. ലക്ഷക്കണക്കിന് ആളുകളെ ബാധിച്ച ദുരന്തത്തില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണ്.















