ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി ഇന്നാണ് ഇതിന് അംഗീകാരം നല്‍കിയത്. ഇതോടെ 2026 ജൂലൈ 14-ന് അവസാനിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ കാലാവധി 2027 ജൂലൈ 14 വരെ തുടരും. 60 വയസ്സ് കഴിഞ്ഞാലും വിദേശകാര്യ സെക്രട്ടറി, പ്രതിരോധ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍, ഗവേഷണ-വിശകലന വിഭാഗം സെക്രട്ടറി തുടങ്ങിയ സുപ്രധാന തസ്തികകളില്‍ കാലാവധി നീട്ടാന്‍ അനുവദിക്കുന്ന ഫണ്ടമെന്റല്‍ റൂള്‍ 56(D) പ്രകാരമാണ് തീരുമാനം.
1989 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനായ വിക്രം മിസ്രി, 2024 ജൂണിലാണ് വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റത്. അതിന് മുമ്പ് അദ്ദേഹം ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രിമാരായ ഐ.കെ. ഗുജ്രാല്‍, ഡോ. മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ക്കും നരേന്ദ്ര മോദിക്കും സ്വകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അപൂര്‍വ നേട്ടവും വിക്രം മിസ്രിക്കുണ്ട്.
2019 മുതല്‍ 2021 വരെ ചൈനയിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന അദ്ദേഹം, 2020-ലെ ഗാല്‍വാന്‍ താഴ്വര സംഘര്‍ഷത്തിന് ശേഷം ഇന്ത്യ-ചൈന ചര്‍ച്ചകളില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനായി വിലയിരുത്തപ്പെടുന്നു. കൂടാതെ സ്‌പെയിന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ അംബാസഡറായും പാകിസ്ഥാന്‍, അമേരിക്ക, ജര്‍മനി, ബെല്‍ജിയം, ശ്രീലങ്ക എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര ദൗത്യങ്ങളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.















