ന്യൂഡല്‍ഹി: രാജ്യത്ത് അനധികൃത കുടിയേറ്റവും അസാധാരണമായ ജനസംഖ്യാ മാറ്റങ്ങളും പഠിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല സമിതി പ്രവര്‍ത്തനം വേഗത്തിലാക്കി. സമിതി ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സന്ദര്‍ശിച്ച് സ്ഥലത്തെ സാഹചര്യം നേരിട്ട് വിലയിരുത്തുമെന്ന് സമിതി അറിയിച്ചു.
സംസ്ഥാന സന്ദര്‍ശനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി മുന്‍കൂട്ടി വിവരശേഖരണം നടത്താന്‍ വിശദമായ ചോദ്യാവലിയും സമിതി തയ്യാറാക്കിയിട്ടുണ്ട്. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന സന്ദര്‍ശനങ്ങള്‍ക്കും ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന് അമിത് ഷാ നിര്‍ദേശം നല്‍കി. കൂടാതെ, സമിതിയുടെ ശുപാര്‍ശകള്‍ എത്രയും വേഗം സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിരമിച്ച ജസ്റ്റിസ് പ്രകാശ് പ്രഭാകര്‍ നവലേക്കര്‍ അധ്യക്ഷനായ സമിതിയില്‍ സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ദുര്‍ഗാ ശങ്കര്‍ മിശ്ര, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ബാലാജി ശ്രീവാസ്തവ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ശമിക രവി എന്നിവരാണ് അംഗങ്ങള്‍.
2025 ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘ഹൈ പവര്‍ഡ് ഡെമോഗ്രഫി മിഷന്‍’ പദ്ധതിയുടെ ഭാഗമായാണ് ഈ സമിതി രൂപീകരിച്ചത്. അനധികൃത കുടിയേറ്റവും മറ്റ് അസാധാരണ കാരണങ്ങളും മൂലമുണ്ടാകുന്ന ജനസംഖ്യാ വ്യതിയാനങ്ങള്‍ ശാസ്ത്രീയമായി പഠിക്കുകയും അതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യുകയും, പ്രശ്‌നപരിഹാരത്തിനായി നയപരവും നിയമപരവും ഭരണപരവുമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയുമാണ് സമിതിയുടെ ചുമതല.















