വിസ്മയ–മോഹൻലാൽ കോമ്പോയ്‌ക്ക് കാത്തിരിപ്പ്; പുതിയ ലുക്കിൽ ‘തുടക്കം’; ഓഗസ്റ്റ് 7 റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ

Published by
ജനം വെബ്‌ഡെസ്ക്

മോഹൻലാൽ–വിസ്മയ മോഹൻലാൽ എന്നിവരുടെ സാന്നിധ്യവും വ്യത്യസ്ത ദൃശ്യഭാഷയും കൊണ്ട് ശ്രദ്ധ നേടിയ ‘തുടക്കം’ പുതിയ പോസ്റ്ററിലൂടെ വീണ്ടും ചർച്ചയാകുന്നു. ഓഗസ്റ്റ് 7-ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

അരണ്ട വെളിച്ചത്തിൽ ഒറ്റപ്പെട്ടൊരു വീട്, ആ വീട്ടിലേക്കു നീളുന്ന വഴി, അതിലൂടെ കൗതുകത്തോടെ നോക്കുന്ന ഒരു വെളുത്ത നായ—ഇതെല്ലാം ചേർന്ന് ദുരൂഹതയും കൗതുകവും ഒരുമിച്ച് സൃഷ്ടിക്കുന്നതാണ് പോസ്റ്ററിന്റെ ആദ്യഭാവം. ഒരു വീൽചെയറിൽ ഇരിക്കുന്ന സായ് കുമാർ, പിന്നിൽ ബോബി കുര്യൻ, മനോജ് കെ. ജയൻ, ഗണേഷ് കുമാർ എന്നിവരും, കൂടുതൽ പ്രാധാന്യത്തോടെ പുതുമുഖം ആശിഷ് ജോ ആന്റണി, വിസ്മയ മോഹൻലാൽ, മോഹൻലാൽ എന്നിവരും പ്രത്യക്ഷപ്പെടുന്നു.

ആശിർവാദ് സിനിമാ ന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇത്രയും ശ്രദ്ധേയമായ താരനിരയെ അണിനിരത്തുന്ന ചിത്രത്തിന്റെ ആദ്യ സമ്പൂർണ പോസ്റ്ററാണിത്.

വിസ്മയ മോഹൻലാലിന്റെ അഭിനയ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന നിലയിൽ ‘തുടക്കം’ നേരത്തേ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ മോഹൻലാൽ കൂടി പ്രധാന സാന്നിധ്യമായി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടതോടെ ആരാധകരുടെ ആവേശം കൂടുതൽ ഉയർന്നിരിക്കുകയാണ്. നവമാധ്യമങ്ങളിലും പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പോസ്റ്റർ നൽകുന്ന സൂചനകൾ പ്രകാരം ഒരു സാധാരണ കുടുംബജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. എന്നാൽ ആ കുടുംബജീവിതം പതിയെ സംഘർഷഭരിതമായ അവസ്ഥയിലേക്ക് നീങ്ങുന്നതാണ് സിനിമയുടെ കേന്ദ്രപ്രമേയമെന്ന സൂചനകളും ശക്തമാണ്. പോസ്റ്ററിൽ കാണുന്ന വീട്, അതിലേക്കുള്ള പാത, വെളുത്ത നായ എന്നിവ സിനിമയുടെ പ്രധാന പ്രതീകങ്ങളായി വായിക്കപ്പെടുന്നു. ചിത്രത്തിൽ നായയ്‌ക്കും നിർണായക പ്രാധാന്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. മുമ്പ് പുറത്തുവിട്ട അപ്ഡേറ്റുകളും അതിലേക്കാണ് വിരൽചൂണ്ടിയത്. കുടുംബബന്ധങ്ങൾ, വികാരസംഘർഷങ്ങൾ, മാനസിക സമ്മർദ്ദങ്ങൾ എന്നിവയെ തീവ്രമായി അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നതെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു.

ഓണത്തിന് മുന്നോടിയായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. വണ്ടിപ്പെരിയാർ, കുട്ടിക്കാനം, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്.

ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ജാക്സ് ബിജോയ് സംഗീതം നിർവഹിക്കുന്നു. അഖിൽ ജോർജും ജോമോൻ ടി. ജോണും ഛായാഗ്രഹണം നിർവഹിക്കുമ്പോൾ എഡിറ്റിംഗ് ചമൻ ചാക്കോയാണ്. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.

ദൃശ്യഭംഗിയും താരസാന്നിധ്യവും ദുരൂഹത നിറഞ്ഞ കഥാസൂചനകളും ചേർന്ന ‘തുടക്കം’, മലയാള സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു.

Share