കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര അധികാരപ്പോര് കൂടുതൽ രൂക്ഷമായി. വിമതനേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗം കൊൽക്കത്തയിലെ ഇ.എം. ബൈപാസിലുള്ള പാർട്ടിയുടെ മെട്രോപൊളിറ്റൻ ഓഫീസ് പിടിച്ചെടുത്തതായി റിപ്പോർട്ട്. ഓഫീസിന്റെ പ്രധാന ഗേറ്റുകൾ പൂട്ടിയ വിമതർ, കെട്ടിടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു.
സംഭവത്തെ തുടർന്ന് പാർട്ടി ആസ്ഥാനത്തിന് മുന്നിൽ മമത ബാനർജി അനുകൂലികളും വിമതവിഭാഗവും തമ്മിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് വൻ പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.
പാർട്ടിയുടെ പേരും ചിഹ്നവും ഫണ്ടും സംബന്ധിച്ച അവകാശവാദം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഉന്നയിച്ചതിന് പിന്നാലെയാണ് വിമതരുടെ നീക്കം. ജൂലൈ 6 വൈകിട്ട് 5.30-നകം ഇരുവിഭാഗങ്ങളും അവകാശവാദങ്ങളും എതിർവാദങ്ങളും സമർപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
ഓഫീസിനുള്ളിൽ നടന്ന യോഗത്തിൽ മുൻ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം, അരൂപ് റോയ് എന്നിവരുള്‍പ്പെടെ വിമത എംഎൽഎമാർ പങ്കെടുത്തു. ഹൗറ സെൻട്രൽ എംഎൽഎ അരൂപ് റോയിയെ പാർട്ടി ചെയർമാനായി പ്രഖ്യാപിച്ച വിമതർ, 30 അംഗ പുതിയ വർക്കിംഗ് കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്.
അതേസമയം, മമത ബാനർജിയെ പാർട്ടിയുടെ ഉപദേഷ്ടാവായി തുടരാൻ ആഗ്രഹിക്കുന്നുവെന്നും, ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അഭിഷേക് ബാനർജിയെ നീക്കിയതായും വിമതവിഭാഗം അറിയിച്ചു.
വിമതർ പാർട്ടി ഓഫീസ് കൈവശപ്പെടുത്തിയെന്ന വിവരം ലഭിച്ചതോടെ തൃണമൂൽ എംഎൽഎ കുനാൽ ഘോഷ് സ്ഥലത്തെത്തിയെങ്കിലും പ്രധാന ഗേറ്റ് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.















