കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് ക്യാമ്പിൽ ബാരക്കിനുള്ളിൽ മദ്യപിച്ചെന്ന ആരോപണത്തെ തുടർന്ന് കെ.എ.പി ഒന്നാം ബറ്റാലിയനിലെ മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തു. കെ.യു. അഭിലാഷ്, എൻ. നവാസ്, എം. വിഷ്ണു എന്നിവർക്കെതിരെയാണ് നടപടി.
വെള്ളിയാഴ്ച രാവിലെ 7.30ഓടെ ക്യാമ്പിലെ ബാരക്കുകളിൽ പോലീസ് ഉദ്യോഗസ്ഥർ നടത്തിയ പതിവ് പരിശോധനയ്‌ക്കിടെയാണ് സംഭവം പുറത്തറിഞ്ഞത്. പരിശോധനയിൽ മദ്യപിച്ച് തീരാറായ മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
തുടർന്ന് മൂന്ന് പോലീസുകാരെയും മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയരാക്കാൻ തീരുമാനിച്ചു. എന്നാൽ പരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെ കെ.യു. അഭിലാഷ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.
അതേസമയം, നവാസ്, വിഷ്ണു എന്നിവരെ ഹിൽപാലസ് പോലീസ് സ്റ്റേഷനിലെത്തിച്ച് ബ്രെത്ത് അനലൈസർ പരിശോധനയ്‌ക്ക് വിധേയരാക്കുകയും തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ ഇരുവരും മദ്യപിച്ചതായി സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ സസ്പെൻഷനിലായ മൂന്ന് പോലീസുകാർക്കെതിരെയും വിശദമായ വകുപ്പ് തല അന്വേഷണം നടത്താൻ അസിസ്റ്റന്റ് കമാൻഡന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെട്ട പോലീസുകാരനെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.















