ന്യൂഡൽഹി: ഭീകരവാദത്തിനെതിരായ പോരാട്ടം ശക്തമാക്കി കേന്ദ്ര സർക്കാർ. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-ത്വയ്ബ ബന്ധമുള്ള 23 പാക് ഭീകരരെ യുഎപിഎ പ്രകാരം ഭീകരരായി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ‘ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ ഇവരുടെ സ്വത്ത് കണ്ടുകെട്ടൽ ഉൾപ്പെടെ കർശന നടപടികൾ ഉടൻ ആരംഭിക്കും.
ജമ്മു-കശ്മീരിൽ ഭീകരരെ റിക്രൂട്ട് ചെയ്യൽ, അതിർത്തി കടത്തിക്കൊണ്ടുവരൽ, പരിശീലനം നൽകൽ, ഡ്രോണുകൾ വഴി ആയുധങ്ങൾ എത്തിക്കൽ, സുരക്ഷാസേനയ്‌ക്കെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഇവർ സജീവമായി പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
23 പേരിൽ മൂന്ന് പേർ ലഷ്‌കർ-ഇ-ത്വയ്ബ സ്ഥാപകൻ ഹാഫിസ് മുഹമ്മദ് സയീദിന്റെ അടുത്ത അനുയായികളാണ്. അബ്ദുൽ റൗഫ്, ഹാഫിസ് ഖാലിദ് വലീദ്, റാണ ഇഫ്തിഖാർ എന്നിവരാണ് ഇവർ. യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നതിലും ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഇവർ നിർണായക പങ്കുവഹിച്ചിരുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
2016-ലെ നഗ്രോട്ട സൈനിക ക്യാമ്പ് ആക്രമണവുമായി ബന്ധപ്പെട്ട മൂന്ന് പേരും 2018-ലെ സുൻജ്വാൻ സൈനിക കേന്ദ്ര ആക്രമണവുമായി ബന്ധപ്പെട്ട രണ്ട് പേരും പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 2022-ലെ സുൻജ്വാൻ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ മസൂദ് ഇലിയാസ് കശ്മീരി ഉൾപ്പെടെയുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകരരും പട്ടികയിലുണ്ട്.
ലഷ്‌കറെ തൊയ്ബ ഭീകരരായ ഫിർദോസ് അഹ്‌മദ് ഭട്ട്, ഹറൂൺ റാഷിദ് ഗനായ്, ബിലാൽ അഹ്‌മദ് മിർ, ആബിദ് ഖയൂം ലോൺ നാസിർ അഹ്‌മദ് ഗുജ്ജർ, അബ്ദുൾ റൗഫ് എന്ന ഹഫിസ് അബ്ദുൾ റൗഫ്, അഷ്ഫാഖ് അഹ്‌മദ്, ഹഫിസ് ഖാലിദ് വലീദ്, മൗലാന സെയ്ഫുള്ള ഖാലിദ്, മുഹമ്മദ് യാക്കൂബ്, മൗലാന യൂസഫ് തൈബി, ഔവൈസ് ഫറൂസ്, കാരി യാക്കൂബ് ഷെയ്ഖ്, റാണ ഇഫ്തിഖാർ, മുഹമ്മദ് ഷഹീദ് ഫൈസൽ എന്നിവരെയും ഭീകരരരായി പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎപിഎയുടെ പ്രാധാന്യം
2019-ൽ യുഎപിഎ ഭേദഗതി ചെയ്തതോടെയാണ് വ്യക്തികളെയും ‘ഭീകരർ’ ആയി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം ലഭിച്ചത്. അതിന് മുമ്പ് ഭീകരസംഘടനകളെ മാത്രമേ പട്ടികയിൽ ഉൾപ്പെടുത്താനായിരുന്നുള്ളൂ.
ഈ പ്രഖ്യാപനത്തോടെ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയ്‌ക്ക് (NIA) ബന്ധപ്പെട്ട വ്യക്തികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുക, സാമ്പത്തിക ഇടപാടുകൾ തടയുക, ഭീകര ഫണ്ടിംഗ് നിയന്ത്രിക്കുക, ആയുധവിതരണത്തിന് വിലക്ക് ഏർപ്പെടുത്തുക തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ നിയമപരമായ അധികാരം ലഭിക്കും. പുതുതായി 23 പേരെ കൂടി ഉൾപ്പെടുത്തിയതോടെ യുഎപിഎ പ്രകാരം ഇന്ത്യ ‘വ്യക്തിഗത ഭീകരർ’ ആയി പ്രഖ്യാപിച്ചവരുടെ എണ്ണം 80 ആയി ഉയർന്നു.
ഭീകര ശൃംഖലകൾക്ക് തിരിച്ചടി
ഡ്രോണുകൾ ഉപയോഗിച്ചുള്ള ആയുധക്കടത്ത്, ആശയവിനിമയ സംവിധാനങ്ങൾ, ഓൺലൈൻ റിക്രൂട്ട്മെന്റ് എന്നിവയിലൂടെ ജമ്മു-കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ തുടരാൻ ശ്രമിക്കുന്ന അതിർത്തി കടന്നുള്ള ശൃംഖലകളെ തകർക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.
ഈ വർഷം ആദ്യം സമഗ്ര ദേശീയ ഭീകരവിരുദ്ധ നയം ‘PRAHAAR’ കേന്ദ്രസർക്കാർ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഭീകരവാദത്തിന്റെ സാമ്പത്തിക, സാങ്കേതിക, സംഘാടക ശൃംഖലകൾ പൂർണമായും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം മുന്നോട്ടുപോകുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.















