കൊല്ലം: ചവറയിൽ ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്രിസ്ത്യൻ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു. ഫാദർ ഡെന്നിസ് പ്രവീൺ ആണ് വെള്ളിയാഴ്ച ചവറ പോലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പോലീസ് വ്യക്തമാക്കുന്ന വിവരങ്ങൾ ഇങ്ങനെ:
2022-നും 2024-നും ഇടയിലുള്ള കാലയളവിൽ ചവറയിലെ ഒരു ക്രിസ്ത്യൻ ആരാധനാലയത്തിൽ ധ്യാനത്തിൽ പങ്കെടുക്കാൻ എത്തിയ യുവതിയുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
ഈ സൗഹൃദത്തിന്റെ മറവിൽ കൊല്ലത്തെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് തിരുവനന്തപുരം വിഴിഞ്ഞത്തുള്ള ധ്യാനകേന്ദ്രത്തിലേക്ക് മാറിയ ശേഷവും പീഡനം തുടർന്നതായി പരാതിയിൽ പറയുന്നു.
യുവതി അടുത്തിടെ ചവറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച തിരുവനന്തപുരത്തെ ഒരു ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.















