ജയ്പൂര്‍: പടിഞ്ഞാറന്‍ ഏഷ്യയിലെ യുദ്ധത്തെ തുടര്‍ന്നുണ്ടായ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊര്‍ജ പ്രതിസന്ധിയെ ഇന്ത്യ വിജയകരമായി അതിജീവിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമയോചിതമായ തീരുമാനങ്ങളും കൃത്യമായ ആസൂത്രണവും ശക്തമായ നയതന്ത്ര ഇടപെടലുകളുമാണ് രാജ്യത്തെ ഇന്ധന പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ ദീര്‍ഘകാലമായി കാത്തിരുന്ന റിഫൈനറി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പടിഞ്ഞാറന്‍ ഏഷ്യയിലെ യുദ്ധം ലോകത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടപ്പോഴും ഇന്ത്യ കൃത്യസമയത്ത് സാഹചര്യം വിലയിരുത്തി ശരിയായ തീരുമാനങ്ങള്‍ സ്വീകരിച്ചതായി മോദി പറഞ്ഞു. ദേശീയ വിഭവങ്ങള്‍ വിവേകപൂര്‍വം ഉപയോഗിക്കുകയും നയതന്ത്ര ബന്ധങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്തതിലൂടെയാണ് പ്രതിസന്ധിയെ മറികടക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധിക്കാലത്ത് ചിലര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയും ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനുമാണ് ശ്രമിച്ചതെന്നും, എന്നാല്‍ സര്‍ക്കാര്‍ രാജ്യത്തെ ഇന്ധനവിതരണം തടസപ്പെടാതിരിക്കാന്‍ രാവും പകലും പ്രവര്‍ത്തിച്ചുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. ആ കാലഘട്ടത്തിലെ സര്‍ക്കാര്‍ ഇടപെടലുകളും നയതന്ത്ര നീക്കങ്ങളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ എല്‍പിജി ആവശ്യത്തിന്റെ ഏകദേശം 60 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന സാഹചര്യത്തില്‍, യുദ്ധകാലത്ത് ഹോര്‍മുസ് കടലിടുക്ക് അടച്ചത് വലിയ വെല്ലുവിളി സൃഷ്ടിച്ചുവെന്ന് മോദി പറഞ്ഞു. എന്നിരുന്നാലും, ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളിലൂടെ ഏകദേശം 40 രാജ്യങ്ങളില്‍ നിന്ന് ഇന്ധനം ലഭ്യമാക്കാന്‍ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ആഗോള വിതരണ ശൃംഖലകള്‍ പ്രതിസന്ധിയിലായിരുന്നിട്ടും രാജ്യത്ത് എല്‍പിജി വിതരണം മുടങ്ങാതെ തുടരാനായെന്നും, വെറും ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ എല്‍പിജി പ്രതിസന്ധി നിയന്ത്രണവിധേയമാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില സര്‍ക്കാര്‍ ഗണ്യമായി കുറച്ചതായും, ഉപഭോക്താക്കള്‍ക്ക് അധികഭാരം വരാതിരിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 75,000 കോടി രൂപയില്‍ അധികം നഷ്ടം സര്‍ക്കാര്‍ ഏറ്റെടുത്തതായും മോദി പറഞ്ഞു.
ഊര്‍ജ സുരക്ഷയെ ആത്മനിര്‍ഭരതയുമായി ബന്ധപ്പെടുത്തി സംസാരിച്ച പ്രധാനമന്ത്രി, രാജസ്ഥാന് റിഫൈനറി ഇന്ത്യയുടെ ഊര്‍ജ സ്വയംപര്യാപ്തതയിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പാണെന്ന് വിശേഷിപ്പിച്ചു. ശിലാസ്ഥാപനം നടത്തി ഉപേക്ഷിക്കുന്ന പദ്ധതികളല്ല, പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന പദ്ധതികളാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജോധ്പൂര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
പ്രസംഗത്തിനിടെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെയും മോദി രൂക്ഷമായി വിമര്‍ശിച്ചു. രാജസ്ഥാന് റിഫൈനറി പദ്ധതി വര്‍ഷങ്ങളോളം മുടങ്ങിക്കിടന്നത് മുന്‍ സര്‍ക്കാര്‍ കാരണമാണെന്നും, ബിജെപി അധികാരത്തിലെത്തിയ ശേഷമാണ് പദ്ധതി വേഗം പൂര്‍ത്തിയായതെന്നും അദ്ദേഹം ആരോപിച്ചു. ‘ഞാന്‍ തറക്കല്ലിടുന്ന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതും ഞാനാണ്’ എന്ന പരാമര്‍ശത്തിലൂടെ പ്രതിപക്ഷത്തെയും പ്രധാനമന്ത്രി പരിഹസിച്ചു.















