താമരശ്ശേരിയില്‍ റിട്ട. എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം അന്വേഷിച്ച് പൊലീസ്

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: താമരശ്ശേരി കാരാടിയില്‍ വയനാട് സ്വദേശിയായ വിരമിച്ച സബ് ഇന്‍സ്‌പെക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ നോര്‍ത്ത് മുട്ടില്‍ തൊട്ടിയില്‍ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് താമരശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിന് പിന്നിലെ ആലിക്കുന്ന് വാട്ടര്‍ ടാങ്കിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. പറമ്പിന്റെ ഉടമയാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം താമരശ്ശേരി പൊലീസിനെ അറിയിക്കുകയായിരുന്നു.

കല്‍പ്പറ്റ സ്വദേശിയായ ടി.എം. ജോസഫ് എങ്ങനെ താമരശ്ശേരിയിലെത്തിയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നതടക്കമുള്ള എല്ലാ വശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. മരിച്ച ജോസഫിന്റെ ഭാര്യ ഗ്രേസിയും വിരമിച്ച എസ്ഐയാണ്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് വീട്ടുകാരെ വിവരമറിയിക്കുകയും ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തു.

മരണകാരണം വ്യക്തമാകുന്നതിനായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Share