കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാല് മരണം

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് എത്തിയ യുവാക്കളുടെ യാത്ര ദാരുണാന്ത്യമായി. കണ്ണൂർ ചാലോട് അർധരാത്രിയോടെ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിൽ ഇടിച്ചുകയറുകയായിരുന്നു.

മരിച്ചവരിൽ ഉത്തർപ്രദേശ് സ്വദേശികളായ പരം ഛേത്രി, ഹർഷ്, മലയാളികളായ റിസ്വാൻ, ഷാൻ എന്നിവരാണ്. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനം മരത്തിൽ ഇടിച്ച ശബ്ദം കേട്ട് സമീപവാസികളാണ് ആദ്യം സ്ഥലത്തെത്തിയത്. തുടർന്ന് വിവരം ലഭിച്ച ഫയർഫോഴ്‌സും പൊലീസും രക്ഷാപ്രവർത്തനം ആരംഭിച്ചു. കാറിനുള്ളിൽ കുടുങ്ങിയവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

പ്രാഥമിക വിവരങ്ങൾ പ്രകാരം, അഴിക്കോട് സ്വദേശിയായ ഷാനിന്റെ വീട്ടിലേക്ക് ബെംഗളൂരുവിൽ നിന്ന് എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. കാർ അമിതവേഗത്തിലായിരുന്നോയെന്നത് ഉൾപ്പെടെ പൊലീസ് അന്വേഷിക്കുകയാണ്.

മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

Kerala Breaking News

 

Share