പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: പൊതുസ്ഥലത്ത് വൻതോതിൽ മാലിന്യം തള്ളിയെന്ന പരാതിയിൽ മീഡിയവൺ ചാനൽ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ വാഴക്കാട് പോലീസ് കേസെടുത്തു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടൊപ്പം, പിഴയടയ്‌ക്കാൻ ആവശ്യപ്പെട്ട് വാഴക്കാട് ഗ്രാമപഞ്ചായത്ത് നോട്ടീസും നൽകി.

വാഴക്കാട് പ്രദേശത്തെ പൊതുസ്ഥലത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സി. ദാവൂദിന്റെ പേര് ഉൾപ്പെട്ട രേഖകൾ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ലഭിച്ചതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് നാട്ടുകാർ പോലീസിനും പഞ്ചായത്തിനും പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ വാഴക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയോ ചെയ്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് വാഴക്കാട് ഗ്രാമപഞ്ചായത്ത് പിഴയടയ്‌ക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും, ഇതുവരെ പിഴ അടച്ചിട്ടില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും, ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

 

Share