ടെക്‌സസ്: ഫിഫ ലോകകപ്പ് സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ സെമിയില്‍ യൂറോപ്യന്‍ കരുത്തരായ ഫ്രാന്‍സും സ്‌പെയിനും നേര്‍ക്കുനേര്‍ എത്തും. ഇന്ത്യന്‍ സമയം രാത്രി 12.30ന് ടെക്‌സസിലെ ഡാലസ് സ്റ്റേഡിയത്തിലാണ് മത്സരം. കിലിയന്‍ എംബാപ്പെയും ലമീന്‍ യമാലും തമ്മിലുള്ള പോരാട്ടമെന്ന നിലയില്‍ ലോക ഫുട്‌ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണിത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയെ 2-0ന് കീഴടക്കിയാണ് ഫ്രാന്‍സ് അവസാന നാലിലെത്തിയത്. എട്ട് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ മുന്നിലുള്ള ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയാകും ഫ്രഞ്ച് ആക്രമണനിരയുടെ പ്രധാന കരുത്ത്. തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ഫൈനല്‍ ലക്ഷ്യമിട്ടാണ് ദിദിയര്‍ ദെഷാം പരിശീലിപ്പിക്കുന്ന മുന്‍ ചാമ്പ്യന്‍മാര്‍ ഇറങ്ങുന്നത്.
മറുവശത്ത്, ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ 2-1ന് തോല്‍പ്പിച്ചാണ് യൂറോ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ സെമിയിലെത്തിയത്. 2010ന് ശേഷം ആദ്യമായാണ് സ്‌പെയിന്‍ ലോകകപ്പ് സെമിയില്‍ കളിക്കുന്നത്. ലമീന്‍ യമാലിന്റെ നേതൃത്വത്തിലുള്ള ആക്രമണനിരയും കരുത്തുറ്റ പ്രതിരോധനിരയും സ്പാനിഷ് ടീമിന് ആത്മവിശ്വാസം നല്‍കുന്നു. ലൂയിസ് ഡി ലാ ഫുവെന്റെ പരിശീലിപ്പിക്കുന്ന സ്‌പെയിന്‍ ഫ്രാന്‍സിനെ അട്ടിമറിച്ച് ഫൈനല്‍ ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
രണ്ടാം സെമിഫൈനലില്‍ ബുധനാഴ്ച രാത്രി 12.30ന് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന ഇംഗ്ലണ്ടിനെ നേരിടും. ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാന്‍ നാല് ഫുട്‌ബോള്‍ ശക്തികള്‍ തമ്മിലുള്ള പോരാട്ടമാണ് ലോകം ഉറ്റുനോക്കുന്നത്.















