മുംബൈ: ആശുപത്രിയിലെ നീണ്ട ക്യൂവും മണിക്കൂറുകളായുള്ള കാത്തിരിപ്പും പ്രതീക്ഷിച്ചിരുന്ന അമേരിക്കൻ യുവതിയെ മുംബൈയിലെ ആരോഗ്യസേവനം അമ്പരപ്പിച്ചു. ഒരു ഫോൺവിളിക്ക് പിന്നാലെ ആരോഗ്യപ്രവർത്തകൻ നേരിട്ട് വീട്ടിലെത്തി അഞ്ച് മിനിറ്റിനുള്ളിൽ രക്തസാമ്പിൾ ശേഖരിക്കുകയും, അതിന് അധികചാർജൊന്നും ഈടാക്കാതിരിക്കുകയും ചെയ്ത അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മുംബൈയിൽ താമസിക്കുന്ന അമേരിക്കൻ കണ്ടന്റ് ക്രിയേറ്ററായ ലിസ് (@spicygori) ആണ് ഇൻസ്റ്റഗ്രാമിലൂടെ അനുഭവം പങ്കുവെച്ചത്. രക്തപരിശോധനയ്‌ക്കായി ആശുപത്രിയിൽ നേരിട്ട് പോകേണ്ടിവരുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, ആശുപത്രി അധികൃതർ ആരോഗ്യപ്രവർത്തകനെ വീട്ടിലേക്ക് അയയ്‌ക്കാമെന്ന് അറിയിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം എത്തിയ ജീവനക്കാരൻ രക്തസാമ്പിൾ ശേഖരിച്ച് മടങ്ങിയെന്നും മുഴുവൻ നടപടിക്രമവും അഞ്ച് മിനിറ്റിനുള്ളിൽ പൂർത്തിയായെന്നും ലിസ് വീഡിയോയിൽ പറയുന്നു.
View this post on Instagram
തന്നെ കൂടുതൽ അമ്പരപ്പിച്ചത് സേവനത്തിന്റെ ചെലവായിരുന്നു. അമേരിക്കയിൽ സമാന പരിശോധനയ്‌ക്ക് നൽകേണ്ട തുകയുടെ ഏകദേശം പത്തിലൊന്നാണ് പരിശോധനച്ചെലവെന്നും, വീട്ടിലെത്തി സാമ്പിൾ ശേഖരിച്ചതിന് അധിക ഫീസ് ഈടാക്കുമെന്നാണ് കരുതിയതെങ്കിലും അത് പൂർണമായും സൗജന്യമായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഇതോടെയാണ് “Only Possible in India” എന്ന കുറിപ്പോടെ വീഡിയോ പങ്കുവെച്ചത്.
ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോയ്‌ക്ക് താഴെ ഇന്ത്യയിലെ ആരോഗ്യസേവനത്തെ പ്രശംസിച്ച് നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്. ഗർഭിണികൾക്കും പ്രായമായവർക്കും ഇത്തരത്തിലുള്ള ഹോം സാമ്പിൾ ശേഖരണ സംവിധാനം ഏറെ പ്രയോജനകരമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.















