ലക്നൗ: ഇലക്ട്രിക് ബൈക്കിന്റെ ചാർജ് ചെയ്യുന്നതിനിടെ ഉണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. നോയിഡ സെക്ടർ 66-ലെ മമുറ ഗ്രാമത്തിലാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ചാർജ് ചെയ്യാനിട്ടിരുന്ന ബൈക്കിന്റെ ബാറ്ററിയിൽ നിന്നുണ്ടായ സ്പാർക്കാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. തുടർന്ന് സമീപത്തുണ്ടായിരുന്ന പെട്രോൾ- ഡീസൽ വാഹനങ്ങളിലേക്കും തീ പടർന്നതോടെ വൻ അഗ്നിബാധയുണ്ടായി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അപകടമുണ്ടായ കെട്ടിടത്തിൽ ഏകദേശം 50 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. പുക ശ്വസിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളായവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കെട്ടിട ഉടമയ്‌ക്കും ലീസുകാരനും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.















