ജയ്പുർ: രാജസ്ഥാനിലെ ധോൽപൂരിൽ നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കിയതിന് പിന്നാലെ 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ടക്രൗലി സ്വദേശിയായ രാഹുൽ ആണ് മരിച്ചത്.
വ്യാഴാഴ്ച സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ചെറിയ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനിടെ രാഹുലിനെ സഹപാഠികൾ കളിയാക്കിയെന്നാണ് ആരോപണം. ബന്ധുവിനൊപ്പം താമസിച്ചാണ് രാഹുൽ പഠിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ വീട്ടിലെത്തിയ രാഹുൽ മുറിയിൽ കയറി വാതിലടയ്‌ക്കുകയായിരുന്നു.
പിറ്റേന്ന് രാവിലെ ഏറെ നേരമായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് രാഹുലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.















