നെന്മാറ: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ ഇന്ന് നിർണായക ദിനം. കേസിലെ പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷ പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശിക്ഷയുടെ കാര്യത്തിൽ വാദം കേട്ടശേഷമാണ് വിധി ഇന്നത്തേക്ക് മാറ്റിയത്.
2025 ജനുവരി 27-ന് പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരൻ (56), മാതാവ് ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ സാഹചര്യ തെളിവുകൾ മാത്രമുള്ള കേസായതിനാൽ കുറഞ്ഞ ശിക്ഷ മതിയെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
പ്രതിക്കെതിരെ ബിഎൻഎസ് 103(1), 126(2) വകുപ്പുകൾ പ്രകാരമാണ് കുറ്റം തെളിഞ്ഞത്. ചെന്താമരയ്‌ക്ക് വധശിക്ഷ തന്നെ നൽകണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബവും പോത്തുണ്ടി ബോയൻ നഗർ സ്വദേശികളും ആവശ്യപ്പെടുന്നത്. പ്രതിയെ ഭയന്ന് നിരവധി കുടുംബങ്ങൾ നാടുവിട്ട സാഹചര്യവും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
വിധിപ്രഖ്യാപനത്തിനായി കോടതിയിലെത്തിയ ചെന്താമരയുടെ പെരുമാറ്റവും വിവാദമായിരുന്നു. “വേണമെങ്കിൽ ഇനിയും ആളുകളെ കൊല്ലും”, “തൂക്കിക്കൊന്നോളൂ” തുടങ്ങിയ വെല്ലുവിളി നിറഞ്ഞ പരാമർശങ്ങളാണ് പ്രതി കോടതിയിൽ നടത്തിയത്.
2019-ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ചെന്താമര, ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഈ ഇരട്ടക്കൊല നടത്തിയതെന്നാണ് കേസ്. ഭാര്യയും മക്കളും വിട്ടുപോകാൻ കാരണക്കാരെന്ന വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.















