പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. ഇരട്ടക്കൊലപാതകം നടത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയ കോടതി, ശിക്ഷാവിധി പ്രഖ്യാപിക്കവെയാണ് തൂക്കിക്കൊല്ലാനും 20 ലക്ഷം രൂപ പിഴ അടയ്‌ക്കാനും ഉത്തരവിട്ടത്.
2025 ജനുവരി 27-ന് പോത്തുണ്ടി ബോയൻ നഗർ സ്വദേശിയായ സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് നിർണായക വിധി. സമൂഹത്തിന് പ്രതി ഗുരുതര ഭീഷണിയാണെന്നും, മാനസാന്തരത്തിന് സാധ്യതയില്ലെന്നും വിലയിരുത്തിയാണ് കോടതി ഈ കേസിനെ ‘അപൂർവങ്ങളിൽ അപൂർവം’ (Rarest of Rare) വിഭാഗത്തിൽ ഉൾപ്പെടുത്തി വധശിക്ഷ വിധിച്ചത്.
ശിക്ഷ നിർണയ വേളയിലും ചെന്താമര കോടതിയിൽ പ്രകോപനപരമായ നിലപാടാണ് സ്വീകരിച്ചത്. “എനിക്ക് നേരെ വന്നാൽ അവരുടെ ജീവൻ പോകും… ഞാൻ ഗാന്ധിയല്ല” എന്നായിരുന്നു കോടതിയിൽ പ്രതിയുടെ പ്രതികരണം. ഈ പ്രസ്താവനകളും ജില്ലാ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ടും പ്രൊബേഷൻ ഓഫീസറുടെ വിലയിരുത്തലും കോടതി വിശദമായി പരിഗണിച്ചു.
കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സാക്ഷിമൊഴികളും തെളിവുകളും വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു. കുറ്റകൃത്യത്തെ പ്രതി ഇന്നും ന്യായീകരിക്കുന്നതും ശിക്ഷ നിർണയത്തിൽ നിർണായക ഘടകമായി.
2019-ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും ചെന്താമര കുറ്റക്കാരനായി ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ഭാര്യയും മക്കളും പിണങ്ങിപ്പോകാൻ കാരണക്കാർ സുധാകരന്റെ കുടുംബമാണെന്ന വൈരാഗ്യമാണ് പ്രതിയെ വീണ്ടും കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സമൂഹത്തിനും പ്രത്യേകിച്ച് കൊല്ലപ്പെട്ട കുടുംബത്തിലെ പെൺമക്കൾക്കും പ്രതി തുടർച്ചയായ ഭീഷണിയാണെന്നും, ഇത്തരമൊരു പ്രതിക്ക് പരമാവധി ശിക്ഷ നൽകേണ്ടതാണെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. പ്രതിഭാഗം കുറഞ്ഞ ശിക്ഷ ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി.
















