പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ച കോടതി തീരുമാനം പ്രോസിക്യൂഷന്റെ വിജയമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാർ. കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന് അർഹമായ ശിക്ഷയാണ് കോടതി വിധിച്ചതെന്നും, കുറ്റം ചെയ്യുന്നവർക്ക് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്ന ശക്തമായ സന്ദേശമാണ് ഈ വിധിയിലൂടെ സമൂഹത്തിന് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 100 പേജുള്ള വിധിന്യായത്തിൽ ഈ കേസിനെ ‘അപൂർവങ്ങളിൽ അപൂർവമായ കേസ്’ എന്ന നിലയിലാണ് കോടതി പരിഗണിച്ചത്. പ്രകോപനമൊന്നുമില്ലാതെ അതീവ ആസൂത്രിതമായാണ് പ്രതി കൊലപാതകം നടത്തിയതെന്നും, പ്രതിക്ക് മാനസാന്തരത്തിനോ പശ്ചാത്താപത്തിനോ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചതായി വിജയകുമാർ വ്യക്തമാക്കി.
പ്രതിഭാഗം ഉയർത്തിയ എല്ലാ വാദങ്ങളും കോടതി തള്ളിക്കളഞ്ഞു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദം മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ നിലനിൽക്കാത്തതായും തെളിഞ്ഞു.
വിചാരണയ്‌ക്കിടെ നാല് സാക്ഷികൾ കൂറുമാറിയത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നെങ്കിലും, ശാസ്ത്രീയ തെളിവുകളും മറ്റ് സാഹചര്യ തെളിവുകളും പ്രോസിക്യൂഷൻ വാദങ്ങളും ചേർന്നാണ് കുറ്റം തെളിയിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗത്തിൽ കുറ്റപത്രം സമർപ്പിച്ച കേരള പൊലീസിനെയും അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി പ്രത്യേകം അഭിനന്ദിച്ചതായും വിജയകുമാർ കൂട്ടിച്ചേർത്തു.
ഭയമില്ലാതെ സാക്ഷികളെ കോടതിയിൽ ഹാജരാക്കുക എന്നത് അന്വേഷണത്തിലെ പ്രധാന വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിധിയിൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കളുടെ പുനരധിവാസത്തിനായി സർക്കാർ ജോലി നൽകാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ പ്രതി 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും, അത് നൽകാൻ സാമ്പത്തിക ശേഷിയില്ലെങ്കിൽ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു.
സാക്ഷികളുടെ സുരക്ഷയ്‌ക്കും കോടതി പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. പ്രതിക്ക് ഭാവിയിൽ പരോൾ അനുവദിക്കേണ്ട സാഹചര്യമുണ്ടായാൽ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ അത് അനുവദിക്കാവൂ എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.















