സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷിതമായ രാത്രി യാത്ര ലക്ഷ്യമിട്ട് കെഎസ്ആർടിസി ‘നൈറ്റ് പിങ്ക് ബസ്’ സർവീസുകൾ ആരംഭിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടക്കും.

തമ്പാനൂരിൽ നിന്ന് ടെക്നോപാർക്കിലേക്കാണ് ആദ്യ സർവീസ് ആരംഭിക്കുന്നത്. ഫാസ്റ്റ് ലിങ്ക് ബസായാണ് സർവീസ് നടത്തുക. വൈകിട്ട് 6 മണി മുതൽ രാത്രി 10.45 വരെ ബസ് സർവീസ് ലഭ്യമാകും. യാത്ര സൗജന്യമല്ല. കെഎസ്ആർടിസിയുടെ നിലവിലെ ഫാസ്റ്റ് ലിങ്ക് നിരക്കായിരിക്കും യാത്രക്കാർ നൽകേണ്ടത്.

സ്ത്രീകൾക്ക് മാത്രമായി ഒരുക്കുന്ന പ്രത്യേക സർവീസാണ് ‘നൈറ്റ് പിങ്ക് ബസ്’. സംസ്ഥാനത്തെ പ്രധാന നഗര റൂട്ടുകളിലായിരിക്കും ഘട്ടംഘട്ടമായി സർവീസ് വ്യാപിപ്പിക്കുക. രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകൾക്കും ഐടി ജീവനക്കാർക്കും വിദ്യാർഥികൾക്കും കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

ആദ്യഘട്ട പ്രവർത്തനം വിലയിരുത്തിയ ശേഷം സംസ്ഥാനത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്കും പ്രധാന റൂട്ടുകളിലേക്കും ‘നൈറ്റ് പിങ്ക് ബസ്’ സർവീസ് വ്യാപിപ്പിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

Share